മുസ്‌ലിം ജീവിതങ്ങൾ തകർത്തെറിയുന്നത് നിർത്തൂ, വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യുക: എം.എസ്.എഫ് ദേശീയ കമ്മിറ്റി
വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീടും തകർത്തിരിക്കുകയാണെന്നും ഇത്തരം നടപടികളിലൂടെ സർക്കാർ മാനുഷിക, ഭരണഘടനാ മൂല്യങ്ങൾ തകർക്കുകയാണെന്നും എംഎസ്എഫ്
- Published:
12 Jun 2022 2:11 PM GMT
മുസ്‌ലിം ജീവിതങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിയുന്നത് നിർത്തണമെന്നും രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി. ബിജെപി വക്താകളായിരുന്ന നുപൂർ ശർമയും നവീൻ ജിൻഡാലുമാണ് പ്രവാചക നിന്ദ നടത്തി വിവാദം തുടങ്ങിയതെന്നും എന്നാൽ അതിനെതിരെ പ്രതിഷേധിക്കുന്നവരെയാണ് സർക്കാറുകൾ പിടികൂടുന്നതെന്നും എംഎസ്എഫ് ഫേസ്ബുക്ക് പേജിൽ വിമർശിച്ചു.
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഭരണകൂടാഭിമുഖ്യത്തിൽ നടക്കുന്ന ഈ വേട്ടയെ സംഘടന അപലപിക്കുന്നുവെന്നും ഇതിനെതിരെ സാധ്യമായ പ്രതിഷേധം നടത്തുമെന്നും ദേശീയ കമ്മിറ്റി പറഞ്ഞു. സാമ്പത്തിക, നിയമ സഹായങ്ങൾ ഇരകൾക്ക് നൽകുമെന്നും പറഞ്ഞു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ സാമൂഹ്യ വിരുദ്ധരെന്ന് മുദ്രകുത്തി എന്ത് നടപടിക്കും വിധേയരാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് അനുമതി നൽകിയിരിക്കുകയാണെന്നും പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്തെ മുസ്‌ലിംകളുടെ വീടും വസ്തുക്കളും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയാണെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി.
വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീടും ഇത്തരത്തിൽ തകർത്തിരിക്കുകയാണെന്നും ഇത്തരം നടപടികളിലൂടെ സർക്കാർ മാനുഷിക, ഭരണഘടനാ മൂല്യങ്ങൾ തകർക്കുകയാണെന്നും എംഎസ്എഫ് വിമർശിച്ചു.
Stop bulldozing Muslim lives:msf India
Adjust Story Font
16