'മൈ ലോഡ് എന്ന് പറയുന്നത് ഒന്ന് നിർത്തൂ, പകുതി ശമ്പളം തരാം'; അഭിഭാഷകനോട് സുപ്രിം കോടതി ജഡ്ജി
'മൈ ലോഡ്' എന്ന അഭിസംബോധന കോളോണിയൽ രീതിയാണെന്നും ഇത് അടിമത്തെത്തെ സൂചിപ്പിക്കുന്നുവെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം
ന്യൂഡൽഹി: അഭിഭാഷകർ കോടതിമുറിയിൽ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് സുപ്രിം കോടതി ജഡ്ജി. വിചാരണ നടപടികൾക്കിടെ ജഡ്ജി പി.എസ് നരസിംഹയാണ് അനിഷ്ടം പ്രകടിപ്പിച്ചത്. മൈ ലോഡ് എന്ന് പറയുന്നത് നിർത്തിയാൽ തന്റെ പകുതി ശമ്പളം തരാമെന്നായിരുന്നു മുതിർന്ന അഭിഭാഷകനോട് ജഡ്ജിയുടെ പരാമർശം.
കോടതി നടപടികൾക്കിടെ അഭിഭാഷകൻ നിരവധി തവണ മൈ ലോഡ് എന്ന് ആവർത്തിച്ചതാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയ്‌ക്കൊപ്പം വാദം കേൾക്കവേ അഭിഭാഷകനെ നരസിംഹ തന്റെ അഭിപ്രായം അറിയിക്കുകയായിരുന്നു. മൈ ലോഡ്, എന്നും ലോഡ്ഷിപ്പ് എന്നുമൊക്കെ അഭിസംബോധന ചെയ്യുന്നതിന് പകരം എന്തുകൊണ്ട് സർ എന്ന് ഉപയോഗിച്ചുകൂട എന്നും അദ്ദേഹം ചോദിച്ചു.
മൈ ലോഡ് എന്ന അഭിസംബോധന കോളോണിയൽ രീതിയാണെന്നും ഇത് അടിമത്തെത്തെ സൂചിപ്പിക്കുന്നുവെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. മൈ ലോഡ്, യുവർ ലോഡ്ഷിപ്പ് എന്നിങ്ങനെ ജഡ്ജിമാരെ അഭിസംബോധന ചെയ്യരുതെന്ന് 2006ൽ ബാർ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നെങ്കിലും ഇത് പ്രാബല്യത്തിലെത്തിയിട്ടില്ല.
Adjust Story Font
16