Quantcast

ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി ബംഗളൂരു നഗരം; ആശ്രയം ടാങ്കറിലെത്തുന്ന വെള്ളം

കുഴല്‍ക്കിണറുകള്‍ വറ്റുകയും ടാങ്കര്‍ ജലം എത്താത്തതും അമിത വില ഈടാക്കുന്നതും മലയാളികള്‍ ഉള്‍പ്പെടെയുള്ള നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-03-28 04:36:01.0

Published:

11 March 2024 7:10 AM GMT

Struggling with fresh water shortage in Bengaluru
X

ബംഗളൂരു: ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി ബംഗളൂരു നഗരം. ജലസ്രോതസുകള്‍ വറ്റിയതോടെ പലയിടങ്ങളിലും ടാങ്കറിലെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. കുഴല്‍ക്കിണറുകള്‍ വറ്റുകയും ടാങ്കര്‍ ജലം എത്താത്തതും അമിത വില ഈടാക്കുന്നതും മലയാളികള്‍ ഉള്‍പ്പെടെയുള്ള നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മണ്‍സൂണില്‍ കിട്ടേണ്ട മഴയുടെ അളവ് കുറയുകയും പ്രധാന ജലസ്രോതസായ കാവേരിയിലെ ജലനിരപ്പ് താഴുകയും ചെയ്തു. നഗരം ഇതുവരെ നേരിട്ടിട്ടില്ലാത്ത ജലക്ഷാമത്തിലൂടെയാണ് കടന്നു പോവുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി മാളുകളിലേക്ക് പോവേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് മുന്നില്‍കണ്ട് സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ തുടങ്ങി. നഗരത്തിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്. കുടിവെള്ളത്തിന് അമിത വില ഈടാക്കുന്ന ടാങ്കര്‍ ലോറികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ വെള്ളത്തിന്റെ പേരിലുള്ള കൊള്ളനഗരത്തില്‍ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

'250 രൂപയ്ക്കാണ് കുടിവെള്ളം കിട്ടിയിരുന്നത്. പിന്നീട് അത് 500 രൂപയാക്കി. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസത്തെ കുടിവെള്ളത്തിന് 1200 രൂപ കൊടുക്കേണ്ടി വരുന്നുവെന്നും മൂന്ന് ദിവസം മുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ മാത്രമേ വെള്ളം കിട്ടകയുള്ളൂവെന്നും' നഗരവാസികള്‍ പറഞ്ഞു.

പൂന്തോട്ടം നനയ്ക്കുന്നതും കാര്‍ കഴുകുന്നതും, കുടിവെള്ളം കൊണ്ട് ആയാല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വകാര്യ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിത്തുടങ്ങി. ഐ.ടി മേഖലയില്‍ വര്‍ക് ഫ്രം ഹോം രീതിയിലേക്കും ചില കമ്പനികള്‍ മാറി. വ്യവസായ മേഖലകളെയും ജലക്ഷാമം ബാധിച്ചു തുടങ്ങി.

സാധാരണഗതിയില്‍ മെയ് പകുതിയിലാണ് ബംഗളൂരു ഉള്‍പ്പെടുന്ന മേഖലയില്‍മഴ ലഭിച്ചു തുടങ്ങുന്നത്. ജലക്ഷാമം തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ വിഷയമായി കൂടി ഉയര്‍ന്നതോടെ സര്‍ക്കാറും ജാഗ്രതയിലാണ്.

ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതാണ് ബംഗളൂരു ജലക്ഷാമത്തിന്റെ പ്രധാന കാരണം. ഒന്നേകാല്‍ കോടിയിലധികം ജനസാന്ദ്രതയുള്ള നഗരത്തില്‍ പകുതിയിലധികം കുഴല്‍ കിണറുകള്‍ വറ്റി പോയതും ജലക്ഷാമത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. 700 കുഴല്‍ കിണറുകളാണ് വറ്റിയത്. കഴിഞ്ഞ മണ്‍സൂണില്‍ കിട്ടേണ്ടിയിരുന്ന മഴയുടെ അപര്യാപ്തത ജലചൂഷണം കൂടുന്നതിന് കാരണം ആവുകയും ചെയ്തു.

TAGS :

Next Story