കോച്ചിങ് ക്ലാസിനിടെ ഹൃദയാഘാതം; വിദ്യാർത്ഥി മരിച്ചു
സഹപാഠികൾ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഭോപ്പാൽ: മധ്യപ്രദേശിൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസിനിടെ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇൻഡോറിലാണു സംഭവം. സാഗർ സ്വദേശിയായ രാജേഷ് ലോധി(20) ആണു മരിച്ചത്.
മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ(എം.പി.പി.എസ്.സി) പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു രാജേഷ്. നഗരത്തിലെ ഒരു കോച്ചിങ് കേന്ദ്രത്തിലായിരുന്നു പഠനം. ഇവിടെ ഒരു ക്ലാസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. ക്ലാസിനിടയിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥി അസ്വസ്ഥനായി ഡെസ്‌കിൽ തലവയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
സഹപാഠികൾ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഭവർകുവാൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ യാദവ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണത്തിനു കാരണം വ്യക്തമാകൂ. ക്ലാസിനിടെ വിദ്യാർത്ഥിക്കു ഹൃദയാഘാതം സംഭവിച്ചതായാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.
Summary: Student dies of heart attack during coaching class in Indore, Madhya Pradesh
Adjust Story Font
16