മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികള്‍
നിരവധി വിദ്യാർഥികളുടെ പംനത്തെ ദോഷകരമായി ബാധിക്കുന്ന നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥി സംഘടനകള്‍ അറിയിച്ചു
ന്യൂ ഡൽഹി: മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കിയ കേന്ദ്ര നടപടിക്കെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എ.എസ്.എഫ്.ഐ , എം.എസ്.എഫ്, എ.ഐ.എസ്.എ എന്നീ സംഘടനകളുടെ നേത്രത്വത്തിൽ വിദ്യാർഥികള്‍ ഡൽഹി ശാസ്ത്രി ഭവനിലേക്ക് മാർച്ച് നടത്തി.
നിരവധി വിദ്യാർഥികളുടെ പംനത്തെ ദോഷകരമായി ബാധിക്കുന്ന നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥി സംഘടനകള്‍ അറിയിച്ചു.
ശാസ്ത്രി ഭവനിലേക്ക് നടന്ന മാർച്ച് പൊലീസ് തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എംഎസ്എഫ് ദേശിയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇ.റ്റി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കള്‍ വിദ്യാർഥികളെ സന്ദർശിക്കാൻ പൊലീസ് സറ്റേഷനിൽ എത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്നും ഭാവി സംബന്ധിച്ച പ്രശ്നങ്ങൾക്ക് എതിരെ സമാധാനപരമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും ന്യൂനപക്ഷ പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും ഇ.റ്റി മുഹമ്മദ് ബഷീർ പറഞ്ഞു.അല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്നു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022-23 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു.
'മൗലാനാ ആസാദ് സ്‌കോളർഷിപ്പ് സ്‌കീം നടപ്പിലാക്കിയത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി) ആണ്. യു.ജി.സി നൽകിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയിൽ 6,722 ഉദ്യോഗാർത്ഥികളെ സ്‌കീമിന് കീഴിൽ തിരഞ്ഞെടുക്കുകയും 738.85 കോടി രൂപയുടെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്‌കീമുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാൽ 2022-23 മുതൽ മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു''- എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
Adjust Story Font
16