കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക ക്ലാസ് മുറിയിലിരുത്തി
ഹിജാബ് നീക്കം ചെയ്താൽ മാത്രം ക്ലാസിൽ പ്രവേശിപ്പിക്കാമെന്ന് പ്രിൻസിപ്പൽ
കർണാടകയിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. കുന്ദാപൂരിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക ക്ലാസുമുറികളിൽ ഇരുത്തി. ഇവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനായില്ലെന്നും റിപ്പോർട്ടുകളുണ്ട്.ഗേറ്റിന് പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. പരീക്ഷകൾക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നതെന്നും ക്ലാസിൽ കയറാൻ അനുവദിക്കണമെന്നും പ്രിൻസിപ്പലിനോട് വിദ്യാർഥിനികൾ അഭ്യർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഹിജാബ് നീക്കം ചെയ്തതിനുശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് പ്രിൻസിപ്പൽ രാമകൃഷ്ണ ജിജെ. ക്ലാസിൽ ഹിജാബ് അഴിക്കില്ലെന്ന നിലപാടിൽ വിദ്യാർഥിനികളും ഉറച്ചുനിൽക്കുകയായിരുന്നു.
Karnataka: Students wearing hijab allowed entry into the campus of Government PU College, Kundapura today but they will be seated in separate classrooms. Latest visuals from the campus. pic.twitter.com/rEE8HfVzR1
— ANI (@ANI) February 7, 2022
കുന്ദാപുരിലെ കലവറ വരദരാജ് എം ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ വീട്ടിലേക്ക് അയച്ചു.ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പ്രവേശിക്കാൻ ഉപദേശിച്ചെങ്കിലും അവർ നിരസിച്ചു. അതിനാൽ ഞങ്ങൾ അവരോട് പോകാൻ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാൻ അവരോട് അഭ്യർത്ഥിച്ചിരുന്നെന്നും വൈസ് പ്രിൻസിപ്പൽ ഉഷാദേവി പറഞ്ഞു. ഈവിവാദത്തിന് മുമ്പ് കോളജിൽ വിദ്യാർഥികൾ ഹിജാബ് ധരിച്ചെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതിയെന്നുമാണ് വൈസ് പ്രിൻസിപ്പൽ മറുപടി നൽകിയത്.
കർണാടകയിലെ വിജയപുര ജില്ലയിലെ ശാന്തേശ്വര പിയു, ജിആർബി കോളേജ് എന്നിവിടങ്ങളിൽ നിരവധി വിദ്യാർഥികൾ കാവി സ്‌കാർഫ് ധരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചു. ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണനിക്കും. കഴിഞ്ഞ മാസമാണ് ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചത് .
അതേ സമയം കുന്ദാപുരയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന പ്രശ്നമില്ലഅഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ടി സിദ്ധലിംഗപ്പ പറഞ്ഞു. ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ കോളേജുകളിലേക്ക് വരാനും കാമ്പസിലേക്ക് പ്രവേശിപ്പിക്കാനും അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16