Quantcast

'രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ചരിത്രം വളച്ചൊടിക്കരുത്'; കങ്കണയോട് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം

2016ൽ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷനായിരുന്ന ചന്ദ്രകുമാർ ബോസ് കഴിഞ്ഞ വർഷമാണ് പാർട്ടിവിട്ടത്

MediaOne Logo

Web Desk

  • Published:

    22 April 2024 8:44 AM GMT

‘Don’t distort history for political mileage: Netaji Subhash Chandra Boses grand nephew Chandra Kumar Bose to Kangana Ranaut
X

ചന്ദ്രകുമാര്‍ ബോസ്, കങ്കണ റണാവത്ത്

കൊൽക്കത്ത: ബോളിവുഡ് താരവും ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ വിമർശനവുമായി വീണ്ടും സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. രാഷ്ട്രീയനേട്ടങ്ങൾക്കും സ്വന്തം നേതാക്കളെ പ്രീതിപ്പെടുത്താനും ചരിത്രം വളച്ചൊടിക്കരുതെന്ന് നേതാജിയുടെ ചെറുമകൻ ചന്ദ്രകുമാർ ബോസ് പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയ്‌ക്കെതിരായ വിമർശനം. ''നേതാജിയെ കുറിച്ചുള്ള കങ്കണയുടെ പരാമർശം അപൂർണമാണ്. അവിഭക്ത ഇന്ത്യയുടെ പ്രധാനമന്ത്രിയും തലവനുമായിരുന്നു നേതാജി. എന്നാൽ, ആ പ്രധാനപ്പെട്ട ഭാഗം അവർ വിട്ടുപോയി. അവിഭക്ത ഇന്ത്യയുടെ അവസാന പ്രധാനമന്ത്രി കൂടിയായിരുന്നു സുഭാഷ് ചന്ദ്രബോസ്.''-ചന്ദ്രകുമാർ ബോസ് പറഞ്ഞു.

നേതാജിയുടെ ജീവിതവും കാലവുമെല്ലാം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാജി രചിച്ച ഗ്രന്ഥങ്ങളുണ്ട്. കങ്കണ മാത്രമല്ല, നേതാജിയിൽ താൽപര്യമുള്ളവരെല്ലാം അവ വായിക്കണം. ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപവും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ ഇന്ത്യ എന്ന ആശയവുമെല്ലാം അവയിലൂടെ മനസിലാക്കാൻ ശ്രമിക്കണമെന്നും ചന്ദ്രകുമാർ ബോസ് ആവശ്യപ്പെട്ടു.

''ആർക്കും രാഷ്ട്രീയത്തിൽ ചേരാം. എന്നാൽ, രാഷ്ട്രീയ മൈലേജിനു വേണ്ടി ചരിത്രം വളച്ചൊടിക്കരുത്. 1857ൽ മംഗൾ പാണ്ഡെയുടെ ശിപ്പായി ലഹളയോടെ തന്നെ സ്വാതന്ത്ര്യസമരം ആരംഭിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. ഭഗത് സിങ്, രാജ്ഗുരു, ഖുദിറാം ബോസ് ഉൾപ്പെടെയുള്ള നിരവധി രക്തസാക്ഷികളുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കുമരം സ്വീകരിക്കാൻ അവരൊന്നും മടിച്ചില്ല.

പിന്നീടാണ് മഹാത്മാ ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനം ആരംഭിച്ചത്. അതും വലിയ സ്വാധീനമുണ്ടാക്കി. എന്നാൽ, ബ്രിട്ടീഷ് ഭരണത്തിനെതിരായ അവസാനത്തെ ആക്രമണം ഇന്ത്യൻ നാഷനൽ ആർമിയുടേതായിരുന്നു. 1946ന്റെ തുടക്കത്തിൽ ചെങ്കോട്ടയിൽ ഐ.എൻ.എ വിചാരണകൾ നടന്നത് അതേതുടർന്നാണ്.''

ഇന്ത്യയിലെ നിലവിലെ സാഹചര്യവും വിവിധ സമുദായങ്ങൾക്കിടയിൽ നടക്കുന്ന വിഭജനവുമെല്ലാം കണ്ടാൽ നേതാജി അത്ഭുതപ്പെടുമെന്നും ചന്ദ്രകുമാർ പറഞ്ഞു. ഇപ്പോഴത്ത വർഗീയതയ്ക്ക് രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷനായിരുന്നു ചന്ദ്രകുമാർ ബോസ്. കഴിഞ്ഞ വർഷമാണ് അദ്ദേഹം പാർട്ടിവിട്ടത്.

Summary: ‘Don’t distort history for political mileage': Netaji Subhash Chandra Bose's grand nephew Chandra Kumar Bose to Kangana Ranaut

TAGS :

Next Story