സുബ്രമണ്യൻ സ്വാമി തൃണമൂലിലേക്ക്? ഇന്ന് മമതയെ കാണും
കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി, മമത ബാനർജിയെ പ്രശംസിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30 തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഡൽഹിയിലുള്ള വസതിയിൽ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. മമതാ ബാനർജി അഞ്ചു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ട്.
കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി, മമത ബാനർജിയെ പ്രശംസിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. ഒക്ടോബറിൽ റോമിൽ നടന്ന ആഗോള സമാധാന സമ്മേളത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സുബ്രമണ്യൻ സ്വാമി പ്രതിഷേധമറിയിച്ചിരുന്നു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമതയുടെ കാലിന് പരിക്കേറ്റപ്പോൾ സ്വാമി ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു. ഇത് ബംഗാൾ ബി.ജെ.പിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. മമത ബാനർജി 'പക്കാ ഹിന്ദുവും ദുർഗ ഭക്തയും' ആണെന്നും അവരുടെ രാഷ്ട്രീയം വ്യത്യസ്തമാണെന്നുമാണ് 2020-ൽ സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തത്.
രാജ്യസഭാംഗമായ സുബ്രമണ്യൻ സ്വാമി, സാമ്പത്തിക - വിദേശ നയങ്ങളിൽ താൻ നരേന്ദ്ര മോദിക്കെതിരെയാണെന്ന് രണ്ട് മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. മോദി ഇന്ത്യയുടെ രാജാവല്ലെന്നും ഒരു ട്വീറ്റിൽ സ്വാമി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്നും അയൽരാഷ്ട്രങ്ങളെല്ലാം ഇന്ത്യയുമായി അകലുകയാണ് ചെയ്തിട്ടുള്ളതെന്നും സ്വാമി ആരോപിച്ചു.
ഹിന്ദുത്വ വാദിയും ജനതാ പാർട്ടി സ്ഥാപകനുമായ സുബ്രമണ്യൻ സ്വാമിയെ 2011-ൽ തീവ്ര ഇസ്ലാം വിരുദ്ധ നിലപാടുകളുടെ പേരിൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി അധ്യാപക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. തങ്ങളുടെ മുൻഗാമികൾ ഹിന്ദുക്കളാണെന്ന് അംഗീകരിക്കുന്ന മുസ്ലിംകൾക്കു മാത്രമേ ഇന്ത്യയിൽ വോട്ടവകാശം നൽകാവൂ എന്നതടക്കമുള്ള പ്രസ്താവനകളുമായി ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ഹാർവാർഡ് നടപടിയെടുത്തത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്) അധികാര പരിധി വർധിപ്പിച്ചതും ത്രിപുരയിൽ തന്റെ പാർട്ടി അണികൾക്കു നേരെ നടക്കുന്ന ബി.ജെ.പി അക്രമങ്ങളുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മമത ബാനർജി ഇന്ന് പ്രധാനമന്ത്രിയെ കാണുന്നത്. പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കു വേണ്ടിയുള്ളതാണ് മമതയുടെ ഇത്തവണത്തെ ഡൽഹി സന്ദർശനമെന്നും പാർട്ടിയിലേക്ക് വരാൻ സന്നദ്ധതയുള്ള നേതാക്കളെ അവർ കാണുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
Summary: BJP Leader and Rajyasabha MP Subrahmanian Swamy will meet Bengal CM Mamata Banerjee today
Adjust Story Font
16