Quantcast

പുറത്താക്കിയതല്ല, കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതാണെന്ന് സഞ്ജയ് നിരുപം

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് സഞ്ജയ് നിരുപത്തെ പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    4 April 2024 7:08 AM GMT

Sanjay Nirupam
X

സഞ്ജയ് നിരുപം

മുംബൈ: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. രാജിക്കത്ത് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് രാജികത്ത് അയച്ചതെന്നും നിരുപം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് സഞ്ജയ് നിരുപത്തെ പുറത്താക്കിയത്.

ബുധനാഴ്ച രാത്രി 10.40ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച രാജിക്കത്ത് സഞ്ജയ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. '' ഇന്നലെ രാത്രി പാർട്ടിക്ക് എൻ്റെ രാജിക്കത്ത് ലഭിച്ചയുടനെ, അവർ എന്നെ പുറത്താക്കാൻ തീരുമാനിച്ചതായി തോന്നുന്നു. ഇത്തരത്തിലുള്ള പെട്ടെന്ന് തീരുമാനങ്ങള്‍ നല്ലതാണ്. അറിവിലേക്കായി ഈ വിവരം പങ്കുവയ്ക്കുന്നു എന്നുമാത്രം. ഞാൻ ഇന്ന് 11.30 നും 12 നും ഇടയിൽ വിശദമായ പ്രസ്താവന നൽകും''സഞ്ജയ് കുറിച്ചു.

അച്ചടക്കമില്ലായ്മയുടെയും പാർട്ടി വിരുദ്ധ പ്രസ്താവനകളുടെയും പേരിൽ കഴിഞ്ഞ ദിവസമാണ് നിരുപമിനെ കോൺഗ്രസ് പുറത്താക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള ശിവസേനക്കെതിരെ സഞ്ജയ് രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. മുംബൈയിൽ ആറ് സീറ്റുകളിൽ മത്സരിക്കാനാണ് ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു സഞ്ജയ് നിരുപത്തിന്‍റെ ആരോപണം. ഇത് കോണ്‍ഗ്രസിനെ തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസ് മഹാരാഷ്ട്ര ഘടകം കഴിഞ്ഞ ദിവസം നിരുപമിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. മുംബൈ നോര്‍ത്ത് വെസ്റ്റ് ശിവസേനക്ക് നല്‍കിയത് നിരുപത്തെ ചൊടിപ്പിച്ചിരുന്നു. അമോല്‍ കിര്‍ത്തികറാണ് ഇവിടുത്തെ സേനയുടെ സ്ഥാനാര്‍ഥി.അമോലിനെയും സഞ്ജയ് കടന്നാക്രമിച്ചിരുന്നു. ഖിച്ഡി കുംഭകോണം എന്നറിയപ്പെടുന്ന കോവിഡ് കാലത്തെ സൗജന്യ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അമോലിന് പങ്കുണ്ടെന്നാണ് നിരുപത്തിന്‍റെ ആരോപണം.

അതേസമയം നിരുപം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിരുപത്തിനെ സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

TAGS :

Next Story