Quantcast

ആത്മഹത്യാ ശ്രമം; നഴ്സിങ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മൂന്നാം വർഷ വിദ്യാർഥിനിയായ പാണത്തൂരിലെ ചൈതന്യ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    10 Dec 2024 1:54 AM GMT

nursing protest
X

കാസര്‍കോട്: ആത്മഹത്യാ ശ്രമം നടത്തി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സിങ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോപണ വിധേയയായ ഹോസ്റ്റൽ വാർഡനെ മാനേജ്മെൻ്റ് നീക്കി. പൊലീസിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്മെൻ്റും നടത്തിയ ചർച്ചയിലാണ് തീരുമാനം. ആശുപതിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎസ് പി ഓഫീസിലേക്ക് യുത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും.

കാഞ്ഞങ്ങാട്ടെ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ ആരോപണ വിധേയയായ ഹോസ്റ്റൽ വാർഡനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു. ഹോസ്റ്റൽ വാർഡൻ്റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികളുമായും വിദ്യാർഥികളുമായും പൊലീസ് ചർച്ച നടത്തി. വാർഡനെതിരെ പൊലീസ് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു.

മൂന്നാം വർഷ വിദ്യാർഥിനിയായ പാണത്തൂരിലെ ചൈതന്യ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ , എബിവിപി, കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ നടത്തിയ ലാത്തി ചാർജിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിന് പരിക്കേറ്റു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ് ഡിവൈഎസ്‍പി ഓഫീസിലേക്ക് മാർച്ച് നടത്തും. അതെ സമയം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നഴ്സിങ് വിദ്യാർഥികൾ ഇന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തി ചൈതന്യയെ സന്ദർശിക്കും.



TAGS :

Next Story