Quantcast

കാത്തിരുന്നൊരു ഭരണം, ഹിമാചൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാന്ധി കുടുംബമൊന്നിച്ചെത്തി; കോൺഗ്രസിൽ ആവേശം

പ്രിയങ്കാ ഗാന്ധിയുടെ മേൽനോട്ടത്തിൽ വിജയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കാമ്പയിനാണ് ഹിമാചലിലേത്

MediaOne Logo

Web Desk

  • Updated:

    2022-12-11 12:20:29.0

Published:

11 Dec 2022 9:35 AM GMT

കാത്തിരുന്നൊരു ഭരണം, ഹിമാചൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാന്ധി കുടുംബമൊന്നിച്ചെത്തി; കോൺഗ്രസിൽ ആവേശം
X

ഷിംല: കാത്തിരുന്ന് കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിൽ ആവേശം. സുഖ്‌വീന്ദർസിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ. പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയും അധികാരമേറ്റു.

ഗുജറാത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും സീറ്റും കുറഞ്ഞ സാഹചര്യത്തിലാണ് ഹിമാചലിൽ പാർട്ടിക്ക് ഭരണം കിട്ടുന്നത്. മുമ്പ് തെരഞ്ഞെടുപ്പ് നടന്ന ഗോവയിലടക്കം വലിയ കക്ഷിയായിട്ടും ഭരണം പിടിക്കാനാകാതിരുന്നതിൽ അണികൾ നിരാശരായിരുന്നു. ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള ഊർജമാണ് ഹിമാചൽ വിജയം കോൺഗ്രസിന് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ഗാന്ധി കുടുബാംഗങ്ങളെല്ലാം ചടങ്ങിനെത്തിയത്.

സംസ്ഥാനത്ത് ആറുവട്ടം മുഖ്യമന്ത്രിയായ രാജകുടുംബാംഗം വീർഭദ്ര സിംഗന്റെ ചിത്രത്തിൽ ആദരവർപ്പിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. വീർഭദ്ര സിംഗിന്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയായ പ്രതിഭാ സിംഗ് ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന അവരെ രാഹുൽ ഗാന്ധി ആശ്ലേഷിച്ചാണ് സ്വീകരിച്ചത്. 'ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ ഞങ്ങൾ തിരികെക്കൊണ്ട് വരുമെന്ന് ഞങ്ങൾർറ വാഗ്ദാനം ചെയ്തിരുന്നു' എന്ന് പ്രതിഭ നേരത്തെ രാഹുലിനോട് പറഞ്ഞു. രാഹുൽ അഭിനന്ദനങ്ങളെന്ന് തിരിച്ചുപറയുകയും ചെയ്തു. മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡിന് കത്ത് നൽകിയ പ്രതിഭാ സിംഗിന്റെ അണികൾ പ്രതിഷേധം നടത്തിയിരുന്നു.

പ്രിയങ്കാ ഗാന്ധിയുടെ മേൽനോട്ടത്തിൽ വിജയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കാമ്പയിനാണ് ഹിമാചലിലേത്. ഇക്കൊല്ലം ആദ്യത്തിൽ അവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിട്ട ഉത്തർപ്രദേശിൽ പാർട്ടി പച്ചപിടിച്ചിരുന്നില്ല.

വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ എംഎൽഎമാർ അടുത്ത മുഖ്യമന്ത്രിയെയും നിയമസഭാ നേതാവിനെയും തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് സുഖ്വീന്ദർ സിങ് സുഖുവിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്വീന്ദറിനുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. 68 അംഗങ്ങളാണ് അസംബ്ലിയിലാകെയുള്ളത്.

ഇത് കോൺഗ്രസിനും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്കും പുതിയ തുടക്കമാണ്. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരായ രാഹുൽ ഗാന്ധിയുടെ യാത്ര ഹിമാചലിൽ കൂടുതൽ ശക്തമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

'ഇത് ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പാർട്ടി നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ സുഖ്വീന്ദർ സുഖുവിന് കഴിയുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''കോൺഗ്രസ് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ സുഖുവിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഹിമാചൽ പ്രദേശിലെ ജനങ്ങൾ എന്നും കോൺഗ്രസിനെ പിന്തുണച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും,'' സച്ചിൻ പൈലറ്റ് പറഞ്ഞു.

15ാമത് മുഖ്യമന്ത്രിയായത് ബസ് ഡ്രൈവറുടെ മകൻ

15ാമത് മുഖ്യമന്ത്രിയായ സുഖ്വീന്ദർ സിംഗ് സുഖു നാലു വട്ടം എംഎൽഎയായ മുതിർന്ന നേതാവാണ്. ഹാമ്രിപൂർ ജില്ലയിലെ നദൗൻ മണ്ഡലത്തിലെ പ്രതിനിധിയായ ഈ 58 കാരനാണ് രാജ്യം ഭരിക്കുന്ന ബിജെപിയെ വീഴ്ത്തും വിധം സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. 1980കളിൽ നാഷണൽ സ്റ്റുഡൻറ്സ് യൂണിയൻ ഓഫ് ഇന്ത്യ യൂണിറ്റിന്റെ ഭാഗമായി ഷിംലയിലെ ഹിമാചൽ പ്രദേശ് യൂണിവാഴ്സിറ്റിയിൽ ആക്ടിവിസ്റ്റായാണ് ഇദ്ദേഹം പൊതുരംഗത്ത് വരുന്നത്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 201-2018യാണ് അദ്ദേഹം ഹിമാചൽ കോൺഗ്രസിനെ നയിച്ചത്.

വീർഭദ്ര സിംഗുമായി അത്ര നല്ല ബന്ധമല്ല സുഖുവിന് ഉണ്ടായിരുന്നത്. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ മുൻ പ്രസിഡൻറായ ഇദ്ദേഹം രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. വീർഭദ്ര സിംഗിന്റെ രാജകീയ പശ്ചാത്തലത്തിൽ നിന്ന് വിഭിന്നമാണ് സുഖുവിന്റെ രീതികൾ. ബസ് ഡ്രൈവറുടെ മകനായി ജനിച്ച ഇദ്ദേഹം സജീവ പാർട്ടി പ്രവർത്തനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനത്ത് വരെ എത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിജയിച്ചത് വീർഭദ്ര സിംഗിന്റെ പേരിലാണെന്നും അവരുടെ കുടുംബത്തെ അരികുവത്കരിക്കുന്നത് ദുരന്തമാകുമെന്നും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തോട് പ്രതിഭാ സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർക്കിടയിൽ അവർക്ക് വേണ്ടത്ര പിന്തുണയുണ്ടായിരുന്നില്ല.

Sukhwinder Singh Sukh was sworn in as the Chief Minister of Himachal Pradesh in the presence of national leaders including Sonia Gandhi and Rahul Gandhi.

TAGS :

Next Story