വിക്ഷേപണ വാഹനത്തിലെ തകരാർ പരിഹരിച്ചു; സുനിതാ വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശത്തേക്ക്
സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ പരീക്ഷണമാണ് ഈ യാത്രയുടെ ലക്ഷ്യം
ഡൽഹി: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശത്തേക്ക്. നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് കുതിക്കുക. വിക്ഷേപണ വാഹനത്തിലെ തകരാർ പൂർണമായി പരിഹരിച്ചാണ് ബോയിങ് സ്റ്റാർ ലൈനർ ഇന്ന് കുതിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 9.55ന് കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ബോയിംഗ് സ്റ്റാർ ലൈനറിന്റെ വിക്ഷേപണം. വിക്ഷേപണ വാഹനത്തിൽ തകരാർ കണ്ടെത്തിയതോടെ മെയ് ഏഴിന് അവസാനനിമിഷം ബഹിരാകാശ യാത്ര മാറ്റിയിരുന്നു.
തകരാറുകൾ പൂർണ്ണമായി പരിഹരിച്ച ശേഷമാണ് ഇന്ന് വീണ്ടും വിക്ഷേപണം തീരുമാനിച്ചത്. ബുച്ച് വിൽമോറാണ് സുനിതാ വില്യംസിന്റെ സഹയാത്രികൻ. വിക്ഷേപണത്തിനുശേഷം ഏഴുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചാരികൾ തങ്ങും.
വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാൻ ബോയിങ്ങിനും, സ്പെയ്സ് എക്സിനുമായിരുന്നു നാസ അനുമതി നൽകിയിരുന്നത്. സ്പെയ്സ് നേരത്തെ തന്നെ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന യാത്രകൾ തുടങ്ങിയിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബോയിങ്ങിന്റെ ദൗത്യം. സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച്, ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച്, തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ പരീക്ഷണമാണ് ഈ യാത്രയുടെ ലക്ഷ്യം.
58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിലായിരുന്നു. 2012-ൽ വീണ്ടും ബഹിരാകാശയാത്ര നടത്തിയ സുനിതാ വില്യംസിന്റെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശത്ത് നടന്ന റെക്കോർഡ് ഉള്ളത്.
Adjust Story Font
16