'തെരഞ്ഞെടുപ്പിന് മുമ്പ് ഇനി എത്ര പേരെ ജയിലിലക്കും'?: സുപ്രിംകോടതി
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ യൂട്യൂബർക്ക് ജാമ്യം അനുവദിക്കവെയാണ് സുപ്രിംകോടതി ചോദ്യം ഉന്നയിച്ചത്
ഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ യൂട്യൂബര്‍ ദുരൈമുരുഗന്‍ സട്ടായിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ എത്ര പേരെ ശിക്ഷിക്കേണ്ടി വരുമെന്ന് കോടതി ചോദിച്ചു. ദുരൈമുരുഗന്‍ തനിക്ക് നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിന് തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
'തെരഞ്ഞെടുപ്പിന് മുമ്പ്, യുട്യൂബില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ജയിലിലടയ്ക്കാന്‍ തുടങ്ങിയാല്‍, എത്രപേരെ ജയിലിലടക്കും? ജസ്റ്റിസ് ഓഖ ചോദിച്ചു.
തന്റെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദുരൈമുരുഗനാണ് സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയില്‍ സത്യവാങ്മൂലം നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
എന്നാല്‍ ജാമ്യത്തിലിരിക്കെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ദുരൈമുരുഗനോട് നിബന്ധന വെക്കണമെന്ന അപേക്ഷ സുപ്രിംകോടതി പരിഗണിച്ചില്ല. ഒരു പ്രസ്ഥാവന അപകീര്‍ത്തികരമാണോ അല്ലയോ എന്ന് ആരാണ് നിര്‍ണ്ണയിക്കുന്നതെന്നും ഓഖ ചോദിച്ചു.
Adjust Story Font
16