പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിച്ചു
സുരക്ഷാ വീഴ്ചയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും പ്രഖ്യാപിച്ച അന്വേഷണം സുപ്രീംകോടതി മരവിപ്പിച്ചു. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങൾ സംരക്ഷിച്ചുവെക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സുപ്രിംകോടതി ചുമതലപ്പെടുത്തി. സുരക്ഷാ വീഴ്ചയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പഞ്ചാബ് പൊലീസ് വിവരങ്ങള്‍ കൈമാറിയില്ലെന്ന് ഹരജി പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. രാജ്യത്തിന് നാണക്കേടുണ്ടായ സംഭവമായതിനാൽ എൻ.ഐ.എ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
നടന്നത് ചെറിയ കാര്യമല്ലെന്ന് സമ്മതിച്ച പഞ്ചാബ് സര്‍ക്കാര്‍, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ സഹകരിക്കുമെന്ന് വ്യക്തമാക്കി. ഹരജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രധാനമന്ത്രിയുട യാത്രാ വിവരങ്ങൾ ശേഖരിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ ചുമതലപ്പെടുത്തി.
ഡി.ജി.പിയും എൻ.ഐ.എയും രേഖകൾ ശേഖരിക്കാൻ സഹായിക്കണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിർദേശം നല്‍കി. പഞ്ചാബ് പൊലീസ് ഹൈക്കോടതിയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. സുരക്ഷാ വീഴ്ചയില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തിങ്കളാഴ്ച കോടതി തീരുമാനിക്കും. അതുവരെ കേന്ദ്രവും സംസ്ഥാനവും നടത്തുന്ന അന്വേഷണം മരവിപ്പിക്കാനും കോടതി നിർദേശം നൽകി.
Adjust Story Font
16