സഹോദരിയെ വിവാഹം ചെയ്ത മലയാളി യുവാവിനെ വെടിവെച്ചുകൊന്നു; രാജസ്ഥാന്‍ ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
കേസില്‍ വിചാരണ വേഗത്തിൽ പൂ൪ത്തീകരിക്കാൻ രാജസ്ഥാൻ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
രാജസ്ഥാനില്‍ സഹോദരിയെ വിവാഹം ചെയ്ത മലയാളി യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസില്‍ മുകേഷ് ചൗധരിയെന്ന പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അമിത്തിന്‍റെ ഭാര്യ മമതയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച കോടതി പൊലീസിനു മുന്നില്‍ ഹാജരാകാന്‍ മുകേഷിന് നിര്‍ദേശം നല്‍കി. വിചാരണ വേഗത്തിൽ പൂ൪ത്തീകരിക്കാൻ രാജസ്ഥാൻ വിചാരണക്കോടതിക്കും നിര്‍ദേശമുണ്ട്.
2015ലാണ് മമതയും അമിത്തും വിവാഹിതരായത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനുള്ള പ്രതികാരമായി മമതയുടെ വീട്ടുകാര്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
2017ല്‍ ഗ൪ഭിണിയായ യുവതിയുടെ മുന്നിൽ വെച്ചാണ് ഭ൪ത്താവിനെ സഹോദരൻ വെടിവെച്ച് കൊന്നത്. അമിത്തും മമതയും താമസിച്ചിരുന്ന വീട്ടില്‍, മമതയുടെ മാതാപിതാക്കളും അജ്ഞാതരുമെത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16