Quantcast

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഹേമന്ത് സോറന്റെ ഹരജി തീർപ്പാക്കി സുപ്രിംകോടതി

വാദം പൂർത്തിയായിട്ടും ഹൈക്കോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് സോറൻ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    10 May 2024 11:26 AM GMT

hemant soren
X

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി തീർപ്പാക്കി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ്‌ മുക്തി മോർച്ച (ജെഎംഎം) നേതാവിനെ ജനുവരിയിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.

ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപേക്ഷ തള്ളിയ ഝാർഖണ്ഡ്‌ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹേമന്ത് സോറൻ സുപ്രിംകോടതിയെ സമീപിച്ചത്. ഝാർഖണ്ഡിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് മെയ് 13ന് ആരംഭിക്കുമെന്നും ജെഎംഎം നേതാവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കണമെന്നും സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

ജനുവരി 31നാണ് ഹേമന്ത് സോറൻ അറസ്റ്റിലായത്. ഫെബ്രുവരി 4 ന് ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 28 ന് ഹൈക്കോടതി വിധി മാറ്റി വച്ചിരുന്നു. വാദം പൂർത്തിയായിട്ടും ഹൈക്കോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് സോറൻ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. മെയ് മൂന്നിന് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ ഹരജി നിഷ്‌ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അടുത്തയാഴ്ച പരിഗണിക്കുന്ന രണ്ടാമത്തെ ഹരജിയിൽ എല്ലാ തർക്കങ്ങളും ഉന്നയിക്കാൻ സോറന് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോറൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന ഹരജിയ്‌ക്കൊപ്പം സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കണമെന്ന് സുപ്രിംകോടതി അറിയിച്ചു.

ഹരജിയെ നിഷ്ഫലമായി കണക്കാക്കരുതെന്ന് കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടു. പുതിയ ഹരജിയിൽ ഇ.ഡി പ്രതികരണത്തിന് കൂടുതൽ സമയം തേടുമെന്നും ഇത് കൂടുതൽ കാലതാമസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വാദങ്ങളും പുതിയ ഹരജിയിൽ പരിഗണിക്കണമെന്നാണ് സുപ്രിംകോടതി ബെഞ്ച് അറിയിച്ചിരിക്കുന്നത്.

TAGS :

Next Story