പാട്ടും കൂത്തും കുടിയുമല്ല ഹിന്ദുവിവാഹം; ആചാരങ്ങളും അനുഷ്ഠാനങ്ങളുമില്ലാതെ സാധുവാകില്ല-സുപ്രിംകോടതി
''നല്ല പാതി എന്നൊരു സംഗതിയേ ഇല്ല. വിവാഹത്തിൽ രണ്ടുപേരും തുല്യ പങ്കാളികളാണ്. ബഹുഭർതൃത്വവും ബഹുഭാര്യത്വവും അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളും ഹിന്ദു വിവാഹനിയമം പൂർണമായും തള്ളിക്കളയുന്നുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഒറ്റ വിവാഹരൂപം മാത്രമേ ഉണ്ടാകാവൂ എന്നുമുണ്ട്.''
ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. കൃത്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊന്നുമില്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങൾ സാധുവാകില്ലെന്ന് സുപ്രിംകോടതി. പാട്ടും കൂത്തും കുടിയും തീറ്റയുമെല്ലാമാണ് ഹിന്ദു വിവാഹമെന്നു കരുതരുതെന്നും ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യമുള്ള ഒരു പദവി നൽകുന്ന ദിവ്യകർമമാണതെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും അഗസ്റ്റിൻ ജോർജ് മസീഹുമാണ് ഹിന്ദു നിയമവുമായി ബന്ധപ്പെട്ട് നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. നിയമപ്രകാരമുള്ള ചടങ്ങുകളൊന്നും നടത്താതെ വിവാഹിതരായ രണ്ട് പൈലറ്റുമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിവാഹത്തിലേക്കു കടക്കുംമുൻപ് അതേക്കുറിച്ച് ആണും പെണ്ണും ആഴത്തിൽ ആലോചിക്കണമെന്നും ഇന്ത്യൻ സമൂഹത്തിൽ അത് എത്രത്തോളം വിശുദ്ധമാണെന്ന് മനസിലാക്കണമെന്നും കോടതി ദമ്പതിമാരോട് ആവശ്യപ്പെട്ടു.
''പാട്ടിനും കൂത്തിനും കുടിക്കും തീറ്റയ്ക്കുമുള്ള പരിപാടിയല്ല വിവാഹം. സ്ത്രീധനവും പാരിതോഷികങ്ങളും ചോദിക്കാനും കൈമാറാനുമുള്ള അവസരവും അതുവഴി ഒരുപാട് കുറ്റകൃത്യങ്ങൾക്കു തുടക്കം കുറിക്കാനുമുള്ള അനാവശ്യ സമ്മർദസാഹചര്യവുമല്ല അത്. വിവാഹം ഒരു വാണിജ്യ ഇടപാടുമല്ല. ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബമായി ഭാവിയിൽ വികസിക്കുന്ന തരത്തിൽ ഒരു സ്ത്രീയും പുരുഷനും ഭാര്യയും ഭർത്താവുമായി ബന്ധം സ്ഥാപിക്കുന്ന മഹത്തായൊരു ചടങ്ങാണത്. രണ്ടു വ്യക്തികളുടെ ആരോഗ്യപ്രദവും ഉഭയസമ്മതപൂർണവും അന്തസ്സ് ഉറപ്പിക്കുന്നതും ആജീവനാന്ത കാലത്തേക്കുമുള്ള ഒന്നിച്ചുചേരലാണ് എന്നതുകൊണ്ടാണു വിവാഹത്തെ വിശുദ്ധമെന്നു വിശേഷിപ്പിക്കുന്നത്. ഹിന്ദു വിവാഹം സന്താനോൽപാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബം എന്ന ഘടകത്തെ ഏകീകരിക്കുകയും വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതാണ് ഹിന്ദു വിവാഹം.''-സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദു വിവാഹ നിയമത്തിൽ നിഷ്‌കർഷിക്കുന്ന പ്രകാരമുള്ള സാധുവായ വിവാഹചടങ്ങുകളൊന്നുമില്ലാതെ യുവതീയുവാക്കൾ വിവാഹം നടത്തി ഭാര്യാഭർതൃ പദവി സ്വീകരിക്കുന്ന പരിപാടിയോട് വിയോജിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹം ദിവ്യകർമമാണ്. അതിന്റെ സ്വഭാവം തന്നെ വിശുദ്ധമാണ്. ഋഗ്വേദ പ്രകാരം സപ്തപടി(ഏഴു പടികൾ) പൂർത്തിയാക്കിയാൽ, ഈ ഏഴ് പടികളിലൂടെ നമ്മൾ സുഹൃത്തുക്കളായി മാറിയിരിക്കുകയാണെന്ന് വരൻ വധുവിനോട് പറയണം. താങ്കളുമായി സൗഹൃദം സ്വന്തമാക്കട്ടെയെന്നും ഈ സൗഹൃദത്തിൽനിന്ന് ഞാൻ അകന്നുപോകാതിരിക്കട്ടെ എന്നും പറയണം. ഭാര്യയെ ഒരാളുടെ പാതിയായാണു പരിഗണിക്കുന്നതെങ്കിലും അവളുടെ സ്വന്തം സ്വത്വവും വിവാഹത്തിലെ തുല്യപങ്കാളിത്തവും അംഗീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി തുടരുന്നു:
''ഹിന്ദു നിയമത്തിൽ വിവാഹം ദിവ്യകർമമോ സംസ്‌കാരമോ ഒക്കെയാണ്. പുതിയൊരു കുടുംബത്തിന്റെ അടിസ്ഥാനവുമാണത്. നല്ല പാതി എന്നൊരു സംഗതിയേ ഇല്ല. വിവാഹത്തിൽ രണ്ടുപേരും തുല്യ പങ്കാളികളാണ്. ബഹുഭർതൃത്വവും ബഹുഭാര്യത്വവും അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളും ഹിന്ദു വിവാഹനിയമം പൂർണമായും തള്ളിക്കളയുന്നുണ്ട്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഒറ്റ വൈവാഹിക രൂപം മാത്രമേ ഉണ്ടാകാവൂ എന്നുമുണ്ട്.
1955 മേയ് 18ന് നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഹിന്ദുക്കൾക്കിടയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ ക്രോഡീകരിക്കുക മാത്രമല്ല, ഹിന്ദു എന്ന വിപുലമായ പ്രയോഗത്തിനകത്തു വരാവുന്ന ലിംഗായത്തുകാർ, ബ്രഹ്മോയിസംകാർ, ആര്യസമാജക്കാർ, ബുദ്ധന്മാർ, ജൈന്മാർ, സിഖുകാർ എന്നിവർക്കെല്ലാം നിയമപ്രകാരം ഹിന്ദു വിവാഹത്തിൽ ഏർപ്പെടാവുന്ന തരത്തിൽ വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിഷ്‌കർഷിക്കപ്പെടുന്ന ചടങ്ങുകളൊന്നും നടന്നിട്ടില്ലെങ്കിൽ (ഹിന്ദു വിവാഹ) നിയമത്തിലെ ഏഴാം വകുപ്പുപ്രകാരം അത് ഹിന്ദു വിവാഹം ആകില്ല. ആവശ്യമായ ചടങ്ങുകളൊന്നും നടക്കാതെ ഏതെങ്കിലും ഒരു സ്ഥാപനം സർട്ടിഫിക്കറ്റ് നൽകി എന്നതുകൊണ്ട് അത് ബന്ധപ്പെട്ട കക്ഷികൾക്ക് വൈവാഹിക പദവി നൽകുകയോ ഹിന്ദു നിയമപ്രകാരമുള്ള വിവാഹമാണെന്നു സ്ഥാപിക്കുകയോ ചെയ്യില്ല.''
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തെളിവായി എടുക്കാമെന്നതാണ് മാര്യേജ് രജിസ്‌ട്രേഷന്റെ ഗുണം. എന്നാൽ, ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പ് അനസരിച്ചല്ലാത്ത വിവാഹത്തിലെ രജിസ്‌ട്രേഷനു നിയമപരമായ സാധുതയുമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് ഹിന്ദുക്കൾക്കു മാത്രമായുള്ളതല്ല. ഏതു ജാതിക്കാർക്കും വിഭാഗക്കാർക്കും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യ-ഭർതൃ പദവി ലഭിക്കും. ഈ നിയമത്തിലെ അഞ്ചാം വകുപ്പിലെ നിർദേശങ്ങൾക്ക് അനുസരിച്ചാകണം എന്നു മാത്രമേയുള്ളൂ. അതോടൊപ്പം ഏഴാം വകുപ്പു പ്രകാരമുള്ള ചടങ്ങുകളിലൂടെയാകണം ദമ്പതികളുടെ വിവാഹം നടക്കേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
Summary: ‘Not an event for 'song and dance' and 'wining and dining'; registered Hindu marriage isn’t valid without wedding rituals: says Supreme Court
Adjust Story Font
16