Quantcast

'ജഡ്ജിമാരെ ആക്രമിക്കുന്നത് അപകടകരമായ പ്രവണത, സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വേണം': നുപൂര്‍ ശര്‍മയെ വിമര്‍ശിച്ച ജസ്റ്റിസ് പര്‍ദിവാല

അയോധ്യ കേസ് ഉദാഹരണമായി ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2022-07-04 03:23:15.0

Published:

4 July 2022 2:31 AM GMT

ജഡ്ജിമാരെ ആക്രമിക്കുന്നത് അപകടകരമായ പ്രവണത, സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വേണം: നുപൂര്‍ ശര്‍മയെ വിമര്‍ശിച്ച ജസ്റ്റിസ് പര്‍ദിവാല
X

ഡല്‍ഹി: കോടതി വിധികളുടെ പേരില്‍ ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അപകടകരമായ പ്രവണതയെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാല. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുന്‍വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് പര്‍ദിവാല. ജസ്റ്റിസ് സൂര്യകാന്താണ് ബെഞ്ചിലെ മറ്റൊരു അംഗം.

നുപൂര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് പർദിവാലയ്ക്കും ജസ്റ്റിസ് സൂര്യകാന്തിനുമെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ജസ്റ്റിസ് പര്‍ദിവാല പറഞ്ഞതിങ്ങനെ- "വിധിന്യായങ്ങളുടെ പേരില്‍ ജഡ്ജിമാർക്കെതിരെ വ്യക്തിപരമായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നു. ജഡ്ജിമാര്‍ നിയമപരമായി വിശകലനം ചെയ്യുന്നതിനു പകരം മാധ്യമങ്ങളില്‍ എന്ത് വരുമെന്ന് ചിന്തിക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഇത് നിയമവാഴ്ചയെ ദോഷകരമായി ബാധിക്കും.

വിധിയെ ക്രിയാത്മകമായും വിമർശനാത്മകമായും വിലയിരുത്തുന്നതിന് പകരം, ജഡ്ജിമാര്‍ക്കെതിരെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങൾക്ക് താത്പര്യം. ഇത് നീതിന്യായ സ്ഥാപനത്തെ ദോഷകരമായി ബാധിക്കുകയും അതിന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യും. വിധിപ്രസ്താവനകള്‍ സംബന്ധിച്ച പരാതികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ അല്ല പരിഹാരം കണ്ടെത്തേണ്ടത്, അതിനു ജഡ്ജിമാരുണ്ട്. തികച്ചും നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാൻ സോഷ്യൽ മീഡിയയെ പതിവായി ഉപയോഗിക്കുന്നു"- ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

ഭരണഘടനയ്ക്ക് കീഴിലുള്ള നിയമവാഴ്ച സംരക്ഷിക്കാൻ രാജ്യത്തുടനീളം ഡിജിറ്റൽ, സോഷ്യൽ മീഡിയകൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. അയോധ്യ കേസ് ഉദാഹരണമായി ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി. ഭൂമിയും പട്ടയവും സംബന്ധിച്ച തർക്കമായിരുന്നു അത്. എന്നാൽ അന്തിമ വിധി വന്നപ്പോഴേക്കും വിഷയം രാഷ്ട്രീയ തലത്തിലേക്ക് നീങ്ങി. സിവിൽ തർക്കം എന്നെങ്കിലും ഏതെങ്കിലും ജഡ്ജിക്ക് തീർപ്പാക്കേണ്ടി വരുമെന്ന വസ്തുത സൗകര്യപൂർവ്വം മറന്നെന്നും ജസ്റ്റിസ് പര്‍ദിവാല വിമര്‍ശിച്ചു.

TAGS :

Next Story