'വേശ്യ','അവിഹിതം','വീട്ടമ്മ' തുടങ്ങിയ പദങ്ങള്‍ കോടതി വ്യവഹാരങ്ങളില്‍ വേണ്ട; ശൈലീപുസ്തകം പുറത്തിറക്കി സുപ്രിംകോടതി
ഹരജികളും ഉത്തരവുകളും തയാറാക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളാണ് ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ന്യൂഡൽഹി: കോടതി ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശൈലീപുസ്തകം പുറത്തിറക്കി സുപ്രിംകോടതി. വേശ്യ,അവിഹിതം, പ്രകോപന വസ്ത്രധാരം, തുടങ്ങിയ 40 -ഓളം പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് ശൈലീപുസ്തകത്തിൽ പറയുന്നു. ഭാവിയിൽ ജഡ്ജിമാർ ഇത്തരം പദങ്ങൾ ഉപയോഗിക്കരുതെന്ന് പുസ്‌തകം പ്രകാശം ചെയ്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
'സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിക്കുമ്പോൾ കൃത്യത പാലിക്കാനാണ് ശൈലീ പുസ്തകം പുറത്തിറക്കിയത്. ഹരജികളും ഉത്തരവുകളും തയാറാക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെപ്പറ്റി ഉപയോഗിച്ചുവരുന്ന നീതിപൂർവമല്ലാത്ത വാക്കുകൾക്ക് പകരമുള്ള വാക്കുകളാണ് പുസ്തത്തിലുള്ളത്. 'ഹാൻഡ് ബുക്ക് ഓൺ കോംബാറ്റിംഗ് ജെൻഡർ സ്റ്റീരിയോടൈപ്പ്‌സ്' എന്ന പേരിലുള്ള ശൈലീപുസ്തകം ജഡ്ജിമാർക്കും സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഒരു സ്ത്രീയെ 'വ്യഭിചാരിണി' എന്ന് വിളിക്കുന്നത് ഉചിതമല്ല, പകരം 'വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ' എന്ന് പറയാം. 'അവിഹിതം' എന്ന പ്രയോഗം 'വിവാഹത്തിന് പുറത്തുള്ള ബന്ധം' എന്നും 'നിർബന്ധിത ബലാത്സംഗം' വെറും 'ബലാത്സംഗം' എന്നുമാക്കും. 'വേശ്യ' എന്ന വാക്കിന് പകരം 'ലൈംഗിക തൊഴിലാളി'യെന്നും 'അവിവാഹിതയായ അമ്മ'ക്ക് പകരം വെറും 'അമ്മ' എന്ന പദം ഉപയോഗിക്കണമെന്നും ശൈലീപുസ്തകത്തിൽ പറയുന്നു.
ഇതിന് പുറമെ വീട്ടമ്മ, കരിയർ വുമൺ,ഇന്ത്യൻ/ വിദേശ സ്ത്രീ തുടങ്ങിയ വാക്കുകളും ഉപയോഗിക്കരുതെന്നും ശൈലീപുസ്തകത്തിൽ പറയുന്നുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്നവരെ 'ഇര' എന്നോ 'അതിജീവിത'യെന്നോ അവരുടെ താൽപര്യപ്രകാരം പറയാം. വിധി ശരിയാണെങ്കിലും അത് പറയുന്ന ഭാഷയിൽ പലപ്പോഴും വിവേചനം കടന്നുകൂടാറുണ്ട്. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യക്തിയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൽക്കട്ട ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാച്ചാർ അധ്യക്ഷയായ സമിതിയാണ് നിയമ പദാവലി തയ്യാറാക്കിയത്.
Adjust Story Font
16