Quantcast

'അജ്മൽ കസബിന് പോലും ന്യായമായ വിചാരണ ലഭിച്ചു'; യാസീൻ മാലികിന് തിഹാർ ജയിലിൽ പ്രത്യേക കോടതി സജ്ജമാക്കാമെന്ന് സുപ്രിംകോടതി

തീവ്രവാദ ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസീൻ മാലിക് തിഹാർ ജയിലിലാണ്.

MediaOne Logo

Web Desk

  • Published:

    21 Nov 2024 10:24 AM GMT

Supreme court observations on Yasin Malik Case
X

ന്യൂഡൽഹി: ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിന് തിഹാർ ജയിലിനകത്ത് പ്രത്യേക കോടതി സജ്ജമാക്കാമെന്ന് സുപ്രിംകോടതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് യാസീൻ മാലിക്. മുൻ കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രോസിക്യൂഷൻ സാക്ഷികളെ ക്രോസ്‌വിസ്താരം നടത്താൻ യാസീൻ മാലികിനെ നേരിട്ട് ഹാജരാക്കാൻ വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നവരുടെ നിരീക്ഷണം.

ജമ്മു കശ്മീരിലേക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി വളരെ മോശമാണെന്നിരിക്കെ എങ്ങനെയാണ് ഓൺലൈനായി ക്രോസ് വിസ്താരം നടക്കുന്നതെന്ന് കോടതി ചോദിച്ചു. നമ്മുടെ രാജ്യത്ത് അജ്മൽ കസബിന് പോലും ഹൈക്കോടതിയിൽ ന്യായമായ വിചാരണക്ക് അവസരം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

മാലികിനെ ജമ്മു കശ്മീരിലേക്ക് കൊണ്ടുപോകുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. ഒരു അഭിഭാഷകനെ ഏർപ്പെടുത്താതെ കശ്മീരിലേക്ക് പോവാനായി മാലിക് തന്ത്രം മെനയുകയാണെന്ന് മെഹ്ത ആരോപിച്ചു. യാസീൻ മാലിക് സാധാരണ കുറ്റവാളിയല്ലെന്നും രാജ്യന്തര തീവ്രവാദ ബന്ധമുള്ളയാളാണെന്നും മാലികും ഹാഫിസ് സഈദും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഫോട്ടോ കാണിച്ച് മെഹ്ത പറഞ്ഞു.

ജയിലിനുള്ളിൽ വിചാരണക്ക് അവസരമൊരുക്കാമെന്നും വിചാരണക്കോടതി ജഡ്ജിയോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടാമെന്നും സുപ്രിംകോടതി പറഞ്ഞു. അതേസമയം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കേസിലെ എല്ലാ പ്രതികളുടെയും വാദം കേൾക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. നേരത്തെ യാസീൻ മാലികിനെ സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവദിച്ചത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് മെഹ്ത ചൂണ്ടിക്കാട്ടി. മാലിക് ഓൺലൈനായി ഹാജരായാൽ മതിയെന്ന് നിർദേശിച്ച കോടതി ഹരജി നവംബർ 28ന് പരിഗണിക്കാനായി മാറ്റി.

TAGS :

Next Story