'കേരളത്തിന് അടിയന്തര രക്ഷാപാക്കേജ് അനുവദിക്കണം'; കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശം
ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിന് എതിരായ ഹരജിയിൽ കേരളത്തിന് അനുകൂല നിലപാടുമായി സുപ്രിംകോടതി. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാന്‍ കോടതി നിർദേശം. രക്ഷാപാക്കേജുമായി ബന്ധപ്പെട്ട നിർദേശം നാളെ അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. എല്ലാ ചർച്ചകളും പൂർണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടൽ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചു. ഏപ്രിൽ ഒന്നിന് 5,000 കോടി നല്കാമെന്ന കേന്ദ്ര നിർദേശം കോടതി തള്ളി. ഈ സാമ്പത്തിക വർഷം നൽകേണ്ട സഹായം അടിയന്തരമായി നൽകണമെന്ന നിലപാടിലായിരുന്നു കോടതി.
കേരളത്തിന് വേണ്ടി ഇളവ് നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രതിരോധം തീർത്തു. തല്‍ക്കാലം സഹായിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിലെ കണക്കിൽ ഉൾപ്പെടുത്താമെന്ന നിർദേശവും ബെഞ്ച് മുന്നോട്ടുവച്ചു. ഇതോടെ രക്ഷാ പാക്കേജിന് കേന്ദ്രം സമ്മതിച്ചു. എത്ര തുക അനുവദിക്കാനാകുമെന്നു നാളെ പത്തരയ്ക് വ്യക്തമാക്കും. അല്പം വിശാലമനസോടെ കാര്യങ്ങൾ കാണണമെന്ന് കേന്ദ്രത്തിന് ഉപദേശം നൽകിയാണ് കേരളത്തിന് മുന്നിൽ കോടതി രക്ഷാവാതിൽ തുറന്നിട്ടത്.
Summary: Supreme Court favors Kerala in petition against central decision to cut borrowing limit. Court orders to grant emergency rescue package to the state
Adjust Story Font
16