Quantcast

'ഇനിയും എത്ര കാലം അയാളെ ജയിലിലിടണം? നീതിയെ ഇങ്ങനെ പരിഹസിക്കരുത്'; എന്‍.ഐ.എയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

നാലു വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുന്ന മുംബൈ സ്വദേശി ജാവേദ് ഗുലാം നബി ശൈഖിനു ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2024-07-04 17:09:16.0

Published:

4 July 2024 12:44 PM GMT

‘Don’t make a mockery of justice’: Supreme Court rebukes NIA for 4-year delay in trial, grants bail to the accused in UAPA case
X

ന്യൂഡല്‍ഹി: അനന്തമായി വിചാരണ നീട്ടുന്നതു ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. എന്തു തന്നെ കുറ്റം ചെയ്തയാളാണെങ്കിലും വേഗത്തിലുള്ള വിചാരണ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. നീതിന്യായ സംവിധാനത്തെ ഇങ്ങനെ പരിഹസിക്കരുതെന്നും കോടതി വിമര്‍ശിച്ചു.

യു.എ.പി.എ കേസില്‍ നാലു വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുന്ന മുംബൈ സ്വദേശിയായ ജാവേദ് ഗുലാം നബി ശൈഖിനു ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍. ജസ്റ്റിസ് ജെ.ബി പാര്‍ദിവാലയും ഉജ്ജല്‍ ഭുയാനും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 'നീതിയെ ഇങ്ങനെ പരിഹസിക്കരുത്. നിങ്ങളാണ് രാഷ്ട്രം. നിങ്ങളാണ് എന്‍.ഐ.എ. എന്തുതന്നെ കുറ്റം ചെയ്തയാളാണെങ്കിലും അയാള്‍ക്കു വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശമുണ്ട്.'-കോടതി ചൂണ്ടിക്കാട്ടി.

'ഒരുപക്ഷേ, ഗുരുതരമായ കുറ്റമായിരിക്കും അയാള്‍ ചെയ്തത്. എന്നാല്‍, വിചാരണ ആരംഭിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്. നാലു വര്‍ഷമായി അയാള്‍ ജയിലില്‍ കഴിയുന്നു. ഇതുവരെയും അയാള്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. ഒരക്ഷരം ഇങ്ങോട്ടുപറയേണ്ട'-കോടതി വ്യക്തമാക്കി.

ഇതോടെ 80ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നു എന്‍.ഐ.എ കൗണ്‍സല്‍ ന്യായീകരിച്ചു. എന്നാല്‍, ഇനിയും എത്രകാലം അയാള്‍ ജയിലില്‍ കഴിയണമെന്നു പറയൂ എന്ന് ആവശ്യപ്പെട്ട് കോടതി വിമര്‍ശനം തുടര്‍ന്നു. എല്ലാ കുറ്റാരോപിതനും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്. എത്ര ഗുരുതരമായ കുറ്റം ചെയ്തയാളാണെങ്കിലും ഇതുതന്നെയാണ് സ്ഥിതി. കേസില്‍ ഈ അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണിതെന്നും കോടതി നിരീക്ഷിച്ചു.

ജാവേദിന് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ ആവര്‍ത്തിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍.ഐ.എ സൂചിപ്പിച്ചിരുന്നു. എന്നാല്‍, നാലു വര്‍ഷത്തെ വിചാരണാ തടവിനുശേഷം ജാവേദ് ശൈഖിന് സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കുറ്റാരോപിതരായ മറ്റു രണ്ടുപേര്‍ക്കു ജാമ്യം നല്‍കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2020 ഫെബ്രുവരി ഒന്‍പതിനാണ് മുംബൈ പൊലീസ് ജാവേദ് ഗുലാം നബി ശൈഖിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനില്‍നിന്ന് എത്തിയ കള്ളനോട്ടുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തെന്ന് പൊലീസ് വാദിച്ചിരുന്നു. കേസ് പിന്നീട് എന്‍.ഐ.എയ്ക്കു കൈമാറി. ഇതേ ഫെബ്രുവരി തുടക്കത്തില്‍ ഇദ്ദേഹം ദുബൈയില്‍ പോയി വന്നിരുന്നുവെന്നും ആ സമയത്താണ് കള്ളനോട്ട് സ്വീകരിച്ചതെന്നുമായിരുന്നു എന്‍.ഐ.എ ആരോപിച്ചത്. കേസില്‍ എന്‍.ഐ.എയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ജാവേദ് ശൈഖിനു ജാമ്യം നിഷേധിച്ചിരുന്നു.

Summary: ‘Don’t make a mockery of justice’: Supreme Court rebukes NIA for 4-year delay in trial, grants bail to the accused in UAPA case

TAGS :

Next Story