Quantcast

അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ട്: സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി തള്ളി

സെബിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-01-03 05:41:07.0

Published:

3 Jan 2024 5:31 AM GMT

Gautam Adani says all allegations in US court case are baseless and will move legally, Gautam Adani US indictment,
X

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സെബി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച നാല് ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്. എന്നാൽ സെബിയുടെ നിയമ ചട്ടക്കൂടിൽ ഇടപെടാൻ സുപ്രിംകോടതിക്ക് പരിമിതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സെബിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസിയാണ് സെബി. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് തയ്യാറാക്കിയ റിപ്പോർട്ട് ആധികാരികമല്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബിയുടെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിദഗ്ധ സമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. മാധ്യമ റിപ്പോർട്ടുകൾ വിവരങ്ങളായി മാത്രമേ പരിഗണിക്കാൻ കഴിയൂ. അന്വേഷണം കൈമാറാനുള്ള അധികാരം അസാധാരണ സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കൃത്യമായ ന്യായീകരണങ്ങളില്ലാതെ അന്വേഷണം കൈമാറാനാവില്ല. വേണ്ടത്ര ഗവേഷണം നടത്താത്ത അടിസ്ഥാനരഹിത റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള ഹരജികൾ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ ശർമ, കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ, അനാമിക ജയ്‌സ്വാൾ എന്നിവരാണ് അദാനിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

TAGS :

Next Story