നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി തള്ളി
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ലംഘനമല്ലെന്ന് കോടതി പറഞ്ഞു.
പട്‌ന: നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രിംകോടതി തള്ളി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യത്തിൽ അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇത് കൂറുമാറ്റ നിരോധന നിയമത്തിന്റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ലംഘനമല്ലെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ കൂറുമാറുന്നത് തടയാനായി നിയമനിർമാണം നടത്താൻ പാർലമെന്റിന് നിർദേശം നൽകണമെന്ന ഹരജിക്കാരനായ ചന്ദൻകുമാറിന്റെ ആവശ്യവും ജസ്റ്റിസുമാരായ എം.ആർ ഷാ, എം.എ സുന്ദരേഷ് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
Next Story
Adjust Story Font
16