Quantcast

''ലഖിംപൂർഖേരി: ആരാണ് പ്രതികള്‍? അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ?'' യുപി സർക്കാരിനോട് സുപ്രീംകോടതി

കേസ് നാളെ വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2021-10-07 08:58:38.0

Published:

7 Oct 2021 7:16 AM GMT

ലഖിംപൂർഖേരി: ആരാണ് പ്രതികള്‍? അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ? യുപി സർക്കാരിനോട് സുപ്രീംകോടതി
X

ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്‍റെ അന്വേഷണ പുരോഗതി നാളെ അറിയിക്കാൻ യുപി സർക്കാറിന് നിർദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ആരുടെയൊക്കെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ ഇട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി നാളെ വിശദമായ മറുപടി നൽകാൻ യുപി സർക്കാറിന് നിർദേശം നല്‍കി.

"മരിച്ചവരുടെ കുടുംബത്തിനു അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പരാതിയുണ്ട്. അപകടത്തിൽ മരിച്ച കർഷകന്‍റെ മാതാവ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നു. ചികിത്സക്കായി നല്ല ആശുപത്രിയിലേക്ക് മാറ്റണം. എല്ലാ മെഡിക്കൽ സഹായവും നൽകണം." - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സർക്കാറിന് നിർദേശം നല്‍കി.

ലഖിംപൂർഖേരി സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് യുപി സർക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി പ്രദീപ് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യുപി സർക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നാളെ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കി വിശദമായ മറുപടി നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

കർഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേൽ നോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കർഷകരുടെ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.


TAGS :

Next Story