ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി; മലയാളി യുവതിയുടെ നിയമന ഉത്തരവ് റദ്ദാക്കി
ജോലിയിലിരിക്കെ മരിച്ച കുടുംബ നാഥന്റെ ആശ്രിതയ്ക്ക് 24 വർഷത്തിന് ശേഷം ജോലി നൽകാനുള്ള കേരള ഹൈക്കോടതി വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.
ന്യൂഡൽഹി: ആശ്രിത നിയമനത്തിൽ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി വിധിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രികോടതി വിധി. ഇത്തരം നിയമനങ്ങൾ കേവലം ആനുകൂല്യങ്ങളാണെന്നും ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടന ഉറപ്പ് നൽകുന്ന അവസര സമത്വത്തിന് എതിരാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കുടുംബത്തിന്റെ ആശ്രയമായ വ്യക്തി മരിക്കുമ്പോൾ കുടുംബാംഗത്തിനു ജോലി നൽകുക എന്നത് സ്ഥാപനം നൽകുന്ന ഇളവാണ്. അപ്രതീക്ഷിത വേർപാടിൽ കുടുംബം ഉലഞ്ഞു പോകാതിരിക്കാൻ ചെയ്യുന്ന ഒരു ഇടപെടലാണതെന്നും എന്നാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇതിനെ ഒരു അവകാശമായി കണ്ട് നിയമനത്തിനായി വാദിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ജോലിയിലിരിക്കെ മരിച്ച കുടുംബ നാഥന്റെ ആശ്രിതയ്ക്ക് 24 വർഷത്തിന് ശേഷം ജോലി നൽകാനുള്ള കേരള ഹൈക്കോടതി വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) ലിമിറ്റിഡിലെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതി വിധി.
ഹൈക്കോടതിയിലെ ഹരജിക്കാരിയായ യുവതിയുടെ പിതാവ് ഫാക്ട് ജീവനക്കാരനായിരിക്കെ, 1995 ഏപ്രിലിലാണ് മരിച്ചത്. മരണ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നതിനാല്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. കുടുംബ നാഥന്റെ വേർപാടിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മകൾക്കു അനുഭവിക്കേണ്ടി വന്നിട്ടില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം ആശ്രിത നിയമനം ആവശ്യപ്പെട്ട ഹരജിക്കാരിക്ക് അതിനുള്ള അവകാശമില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിക്ക് ജോലി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചതിനെതിരെ കമ്പനി നേരത്തെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചും വിധി ശരിവച്ചതോടെയാണ്, അപ്പീലുമായി ഫാക്ട് സുപ്രിംകോടതിലെത്തിയത്.
Adjust Story Font
16