ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്; ഹരജിയിൽ സുപ്രിംകോടതിയില്‍ ഇന്ന് അന്തിമ വാദം
ബാലറ്റ് പേപ്പറുകളും വോട്ടെണ്ണൽ ദൃശ്യങ്ങളും ഹാജരാക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്
ഡല്‍ഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജിയിൽ ഇന്ന് സുപ്രിംകോടതി അന്തിമ വാദം കേൾക്കും. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണൽ ദൃശ്യങ്ങളും ഹാജരാക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസർ അനിൽ മസിഹ് എതിരെ സുപ്രിംകോടതി നടപടി എടുത്തേക്കും.
ചണ്ഡിഗഡ് മേയറെ കണ്ടെത്താൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണോ അല്ലെങ്കിൽ മുൻപ് നടന്ന തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകൾ എണ്ണിയാൽ മതിയോ എന്നതിൽ സുപ്രിംകോടതി ഇന്ന് തീരുമാനം വ്യക്തമാക്കും.ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ബാലറ്റ് പേപ്പറുകൾ വീണ്ടും എണ്ണിയാൽ പോരേ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.ഇതിന്‍റെ സാധ്യത പരിശോധിക്കാൻ എല്ലാ ബാലറ്റ് പേപ്പറുകളും കോടതിയിൽ എത്തിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.പ്രിസൈഡിങ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ കൃത്രിമം കാട്ടിയെന്നും അനിലിനെ വിചാരണ ചെയ്യണമെന്നും സുപ്രിംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
അതേസമയം ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുകയാണെങ്കിൽ അത് ബി.ജെ.പിക്ക് അനുകൂലമാകും.3 ആം ആദ്മി പാർട്ടി കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നതോടെ വിജയിക്കാൻ വേണ്ട 19 വോട്ടുകളിലേക്ക് ബി.ജെ.പി എത്തുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ നേരത്തെ വോട്ട് ചെയ്ത ബാലറ്റുകൾ എണ്ണിയാൽ മതി എന്ന് സുപ്രിംകോടതി പ്രഖ്യാപിക്കുകയാണെങ്കിൽ അത് ഇൻഡ്യ മുന്നണിക്ക് ശക്തി പകരും. ഇൻഡ്യ സഖ്യത്തിന്‍റെ 8 വോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ രാഷ്ട്രീയ ബന്ധമില്ലാത്ത പ്രിസൈഡിങ് ഓഫീസർ നിയമിക്കുവാനും സുപ്രിംകോടതി നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16