Quantcast

മണിപ്പൂർ സംഘർഷം: വിശദമായ റിപ്പോർട്ട് തേടി സുപ്രിംകോടതി

സംഘർഷം തടയാൻ സ്വീകരിച്ച നടപടികൾ, സേനാ വിന്യാസം, ക്രമസമാധാന നില എന്നിവയെ കുറിച്ചാണ് റിപ്പോർട്ട് തേടിയത്

MediaOne Logo

Web Desk

  • Published:

    3 July 2023 8:25 AM GMT

supreme court seeks report manipur violence
X

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിൽ വിശദമായ റിപ്പോർട്ട് തേടി സുപ്രിംകോടതി. സംഘർഷം തടയാൻ സ്വീകരിച്ച നടപടികൾ, സേനാ വിന്യാസം, ക്രമസമാധാന നില എന്നിവയെ കുറിച്ചാണ് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചു.

മെയ്തെയ് വിഭാഗം അതിരുകടക്കുന്നുവെന്ന് കുക്കി വിഭാഗം ആരോപിച്ചു. കുക്കികൾ ആക്രമണമല്ല, പ്രതിരോധമാണ് നടത്തുന്നതെന്ന് മണിപ്പൂർ ട്രൈബൽ ഫോറം കോടതിയില്‍ വാദിച്ചു- 'രണ്ട് തീവ്രവാദ സംഘടനകളുണ്ട് മണിപ്പൂരിൽ. കുക്കികളെ കൊല്ലൂ എന്നാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല'- കുക്കികള്‍ക്കായി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.

മണിപ്പൂരില്‍ സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസമായി. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്. നിരവധി പേര്‍ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിനാടകവും മണിപ്പൂർ ജനത കണ്ടു.

TAGS :

Next Story