Quantcast

'ഷാജന്റെ വിഡിയോകളുടെ പകർപ്പ് വായിച്ചിട്ടുണ്ട്; നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടണം'; അഭിഭാഷകനോട് സുപ്രിംകോടതി

'ഷാജന്റെ പരാമർശങ്ങളോട് പൂർണമായും വിയോജിക്കുന്നു. ഹൈക്കോടതി ശക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ടാണ് നേരത്തെ തന്നെ വിഡിയോയുടെ പകർപ്പ് പരിശോധിച്ചത്'-ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

MediaOne Logo

Web Desk

  • Updated:

    2023-07-10 17:06:19.0

Published:

10 July 2023 4:18 PM GMT

Supreme Court to Shajan Skaria, Supreme Court to Shajan Skariahs Advocate, PV Sreenijin, Shajan Skariah, defamatory case
X

ന്യൂഡൽഹി: സാംസാരിക്കുമ്പോൾ സ്വയം നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയോട് ആവശ്യപ്പെടണമെന്ന് സുപ്രിംകോടതി. മറുനാടൻ മലയാളി എഡിറ്റർ കൂടിയായ ഷാജന്റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ആവശ്യം. ഷാജന്റെ വിഡിയോകളുടെ പകർപ്പ് താൻ വായിച്ചിട്ടുണ്ടെന്നും അതിന്റെ ഉള്ളടക്കത്തോട് പൂർണമായും വിയോജിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.

മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരായ ഷാജന്റെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി.എസ് നരസിംഹയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്. വാദംകേൾക്കുന്നതിനിടെയാണ് ഷാജന്റെ വിഡിയോകളുടെ തർജമ ചെയ്ത രേഖകൾ നേരത്തെ തന്നെ വായിച്ച കാര്യം ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. അത്രയും ശക്തമായ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ് നേരത്തെ തന്നെ വിഡിയോയുടെ പകർപ്പ് പരിശോധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ശക്തമായ ഉത്തരവുണ്ടാകുമ്പോൾ കൂടുതൽ സൂക്ഷ്മമായി വിഷയം പരിശോധിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂഥ്‌റ, സിദ്ധാർത്ഥ് ദവേ എന്നിവരാണ് ഷാജൻ സ്‌കറിയയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. ഇരുവരും വാദം അവതരിപ്പിക്കുന്നതിനു മുൻപുതന്നെ ഷാജന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ കൂടുതൽ ആത്മനിയന്ത്രണം വേണമെന്നും അക്കാര്യം അദ്ദേഹത്തെ ഉപദേശിക്കണമെന്നും അഭിഭാഷകരോട് കോടതി നിർദേശിച്ചു.

മുതിർന്ന അഭിഭാഷകനായ വി. ഗിരിയാണ് പരാതിക്കാരനായ പി.വി ശ്രീനിജിൻ എം.എൽ.എയ്ക്കു വേണ്ടി ഹാജരായത്. സർക്കാരിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് കുമാറും വാദം അവതരിപ്പിച്ചു. 'പട്ടിക ജാതിക്കാരനായ താങ്കളുടെ കക്ഷിയെക്കുറിച്ച് അദ്ദേഹം അസഭ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിൽ അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് ഒന്നുമില്ല. ഭാര്യാപിതാവിനെക്കുറിച്ചും ജുഡീഷ്യറിയെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. അതെല്ലാം അപകീർത്തിപരവുമാകാം. എന്നാൽ, അതിനു മറ്റു നടപടികൾ സ്വീകരിക്കാമെന്നല്ലാതെ അറസ്റ്റ് ആവശ്യമുള്ള ഒരു കേസല്ല ഇത്'-ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

ഒരു സാങ്കൽപിക കഥ പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഇതു വിശദീകരിച്ചത്. പട്ടിക ജാതിക്കാരനായ ഒരാൾ മറ്റൊരാളുമായി കരാറുണ്ടാക്കുകയും 25 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം പിന്നീട് ആ തുക തിരിച്ചുനൽകുന്നില്ല. അതിന് പണം നൽകിയയാൾ ഇദ്ദേഹത്തെ വഞ്ചകനെന്നു വിളിച്ചാൽ അത് പട്ടിക ജാതി വകുപ്പുപ്രകാരമുള്ള കുറ്റമാകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഒരാളുടെ പരാമർശത്തെ അംഗീകരിക്കുന്നില്ലെന്നു കരുതി അയാളെ ജയിലിലടച്ച് പാഠംപഠിപ്പിക്കണമെന്നാണോ പറയുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവനയോട് പൂർണമായും വിയോജിക്കുകയാണ്. എന്നാൽ, അതിനുള്ള മറുപടി ജയിലല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മൂന്നാഴ്ചക്കുശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞത്. പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല. നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമാണെന്നും ചീഫ് ജസ്റ്റിസ്. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിൻ എം.എൽ.എയ്‌ക്കെതിരായ അപകീർത്തിക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Summary: The Supreme Court bench asked Senior Advocate Siddharth Luthra, Shajan Skariah's lawyer, to advise him to be more restrained in his comments as a senior journalist.

TAGS :

Next Story