അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്തു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി
ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി
ന്യൂഡൽഹി: അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ച കേസിൽ മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്‌കോരാവിയാണ് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് കഴിച്ചത്. സംഭവത്തിൽ കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
കേസില്‍ വധശിക്ഷ സ്റ്റേ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2017 ആഗസ്റ്റ് 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സുനിൽ കുച്കോരാവി മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിക്കുകയയിരുന്നു. സമീപവാസിയായ കുട്ടിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും സുനിലിനെയും ആദ്യം കണ്ടത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും സുനിലിനെയും കണ്ട് കുട്ടി നിലവിളിക്കുകയും തുടര്‍ന്ന് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
കടുത്ത മദ്യപനായിരുന്ന സുനില്‍ കുച്‌കോരാവിയുടെ പീഡനം സഹിക്കവയ്യാതെ അദ്ദേഹത്തിന്റെ ഭാര്യ നാല് കുട്ടികളോടൊപ്പം വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് 4000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. മദ്യപിക്കാൻവേണ്ടി പണത്തിനായി ഇയാള്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. വഴക്കിനെത്തുടര്‍ന്ന് സുനിൽ യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യല്ലമ്മയുടെ ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങള്‍ പാചകം ചെയ്യുകയും കഴിക്കുകയും ചെയ്തു.
കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോടതി പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. തുടർന്ന് ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചു. സ്വന്തം അമ്മയെ കൊലപ്പെടുത്തുകയും തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾ പാചകം ചെയ്ത് കഴിക്കുകയും ചെയ്ത സംഭവം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസാണ് എന്ന് വിലയിരുത്തിയാണ് സുനില്‍ കുച്‌കോരാവിയുടെ അപ്പീല്‍ ഹൈകോടതി തള്ളിയത്. പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്നത് ശീലമാണെന്നായിരുന്നു എന്ന് സുനില്‍ കുച്‌കോരാവി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നരഭോജനമാണ് നടന്നിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് ലഭിച്ചാല്‍ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത് സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും ദോഷകരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ചെയ്ത കുറ്റകൃത്യത്തില്‍ സുനില്‍ കുച്‌കോരാവി ഒരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിച്ചിട്ടില്ല എന്നും ഇയാളുടെ ശിക്ഷയിൽ ഇളവ് നൽകുന്നതിലൂടെ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് തുല്യമാണെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16