Quantcast

ജി.എന്‍ സായിബാബയ്ക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയ വിധി സുപ്രിംകോടതി മരവിപ്പിച്ചു

സായിബാബയുടെ ആരോഗ്യനില അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല

MediaOne Logo

Web Desk

  • Updated:

    2022-10-15 07:34:55.0

Published:

15 Oct 2022 7:31 AM GMT

ജി.എന്‍ സായിബാബയ്ക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയ വിധി സുപ്രിംകോടതി മരവിപ്പിച്ചു
X

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രിംകോടതി ജസ്റ്റിസുമാരായ എം.ആർ ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് സ്‌റ്റേ ചെയ്തത്. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി പരിഗണിച്ചത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. കേസിന്റെ മെറിറ്റ് പരിശോധിക്കാതെ സാങ്കേതികകാരണങ്ങൾ മാത്രം പരിഗണിച്ചാണ് ജാമ്യം നൽകിയതെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. കേസിൽ ടാഡ വകുപ്പുകളാണ് പരിശോധിച്ചത്. ഈ സാഹചര്യത്തിൽ വിധി അംഗീകരിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കേസിൽ ആറാം പ്രതിയാണ് ജി.എൻ സായിബാബ. അഞ്ചു പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കുറ്റത്തിന്റെ ബുദ്ധികേന്ദ്രമാണ് സായിബാബയെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.

ഇതെല്ലാം പരിഗണിച്ചാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ബോംബെ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. മെറിറ്റ് പരിഗണിക്കാതെ പെട്ടെന്ന് വിധിയിലെത്താനുള്ള എളുപ്പവഴി നോക്കുകയാണ് കോടതി ചെയ്തതെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. സായിബാബയുടെ ആരോഗ്യനില അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

55 വയസ് പ്രായമുണ്ടെന്നും ആരോഗ്യനില വളരെ മോഷമാണെന്നും സായിബാബയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. രണ്ടു മക്കളുണ്ട്. വീൽചെയറിലാണ് ജീവിക്കുന്നത്. ഇതിനാൽ വീണ്ടും ജയിലിലേക്ക് അയക്കരുതെന്നും മനുഷ്യത്വപരമായ പരിഗണനയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഈ വാദങ്ങളെയെല്ലാം സോളിസിറ്റർ ജനറൽ എതിർത്തു. യു.എ.പി.എയുമായി ബന്ധപ്പെട്ട് ചില കണ്ടെത്തലുകൾ വിചാരണാകോടതി നടത്തിയിട്ടുണ്ട്. അത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും തുഷാർ മേത്ത പറഞ്ഞു. ഇക്കാര്യം സുപ്രിംകോടതി വിധിയിലും എടുത്തുപറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത് അതീവ ഗൗരവസ്വഭാവമുള്ള കുറ്റങ്ങളാണെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വിശദമായി പരിശോധിച്ചാണ് വിചാരണാകോടതി വിധി പറഞ്ഞതെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ, ബോംബെ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വാക്കാലെയുള്ള സ്റ്റേ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിരസിക്കുകയും അപ്പീൽ സമർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരും എൻ.ഐ.എയും കോടതിയെ സമീപിച്ചത്. രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സർക്കാർ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിഗണിക്കാതെ സാങ്കേതിക കാര്യങ്ങൾ മാത്രം കണക്കിലെടുത്താണ് സായിബാബ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത്. യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികളാണ് ഹൈക്കോടതി പരിഗണിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാവോവാദി ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ജി.എൻ സായിബാബയെയും നാലുപേരെയും കുറ്റവിമുക്തരാക്കിയത്.

Summary: Supreme Court stays release of Professor GN Saibaba and four others who were discharged by the Bombay High Court yesterday in UAPA Case.

TAGS :

Next Story