ഹരിദ്വാർ മുസ്‌ലിം വംശഹത്യാ പ്രസംഗങ്ങൾ: കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് വിഷയം ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഉയർത്തിയത്
മുസ്‌ലിംകൾക്കെതിരെ കൊലവിളിയും കലാപാഹ്വാനവും നടന്ന ഹരിദ്വാറിലെ ഹിന്ദുത്വ സമ്മേളനവുമായി ബന്ധപ്പെട്ട് കേസിൽ വാദംകേൾക്കാൻ സുപ്രീംകോടതി. വിവാദ ഹിന്ദുത്വ നേതാവ് യതി നരസിങ്ങാനന്ദിന്റെ നേതൃത്വത്തിൽ നടന്ന ധർമസൻസദിനെതിരായി സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് വിഷയം ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഉയർത്തിയത്. ധർമസൻസദ് വിദ്വേഷ പ്രസംഗം വളരെ ഗുരുതരമായ വിഷയമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇതുമായി കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടും ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വിഷയം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും കോടതിയുടെ ഇടപെടലില്ലാതെ നിയമനടപടിക്ക് സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പരിഗണിക്കാനിരിക്കുകയാണെന്ന് കോടതി അറിയിച്ചു.
പാട്‌ന ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ അഞ്ജന പ്രകാശും ഒരു മാധ്യമപ്രവർത്തകനുമാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 17, 19 തിയതികളിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡൽഹിയിലും ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിൽ നടന്ന രണ്ട് സമ്മേളനങ്ങൾക്കെതിരെയായിരുന്നു ഹരജി. പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) നേതൃത്വത്തിൽ സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം വേണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സംസാരിച്ച നിരവധി ഹിന്ദുത്വ മതനേതാക്കൾ മുസ്്‌ലിംകൾക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ആഹ്വാനമുണ്ടായി.
നേരത്തെ, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവേ, ബസവ പി പാട്ടീൽ അടക്കമുള്ള മുതിർന്ന അഭിഭാഷകന്മാരും ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Summary: The Supreme Court has agreed to hear the Dharam Sansad hate speech case where anti-Muslim statements were allegedly delivered at a religious gathering of Hindus in Uttarakhand's Haridwar organised by controversial Hindutva leader Yati Narsinghanand
Adjust Story Font
16