Quantcast

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രം; ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

നിയമം ദുരുപയോഗം തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരണമെന്നും അറ്റോർണി ജനറൽ

MediaOne Logo

Web Desk

  • Updated:

    2022-05-05 09:39:06.0

Published:

5 May 2022 7:31 AM GMT

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രം; ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി
X

ഡൽഹി: രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. നിയമം ദുരുപയോഗം തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹകുറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികളിലാണ് കേന്ദ്രത്തിന്റെ വാദം. രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ ഏഴ് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു.

ഇന്ന് കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ശനിയാഴ്ച രാവിലെ മറുപടി നൽകാൻ ഹരജിക്കാരോട് നിർദേശിച്ചു. തിങ്കളാഴ്ച രാവിലെയോടെ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് ഉത്തരവിടുകയും ചെയ്തു. കേസിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് തുടർ വാദം കേൾക്കാമെന്നും അന്ന് തന്നെ വാദം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.ഓരോ മണിക്കൂർ വീതം ഇരുകൂട്ടർക്കും വാദത്തിനായി നൽകും.

കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, തങ്ങളുടെ മറുപടി തയ്യാറാക്കാൻ ന്യായമായ സമയം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരുടെ തലത്തിൽ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാൽ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. കേസിൽ 'പുതിയ കാര്യങ്ങൾ' ഫയൽ ചെയ്തിട്ടുണ്ടെന്നും കാര്യത്തിന്റെ സ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷികളാണ് സമർപ്പിച്ചത്. കൊളോണിയൽ നിയമത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നാണ് ഹരജിക്കാരുടെ വാദം. നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പൗരന് ഭരണഘടന നൽകുന്ന സംരക്ഷണമാണ് ഇല്ലാതാകുന്നതെന്നും ഹരജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി

എന്നാൽ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരണമെന്നും എജി കോടതിയെ അറിയിച്ചു. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് വിധി പുന:പരിശോധിക്കണമെന്ന ഹരജിക്കാരുടെ വാദത്തെയും കേന്ദ്രം എതിർത്തു. വിശാല ബെഞ്ച് രൂപീകരിച്ച് വിധി പുന:പരിശോധിക്കേണ്ട ആവശ്യമില്ല. കലാപം ഉണ്ടാകുന്നത് തടയാൻ നിയമം അനിവാര്യമാണെന്നും അറ്റോർണി ജനറൽ പറഞ്ഞു.

TAGS :

Next Story