Quantcast

മമത സർക്കാരിന് തിരിച്ചടി; 25000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു

നടപടിക്രമങ്ങൾ പാലിക്കാതെ തീർത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങൾ നടന്നതെന്നും, വിശ്വാസ്യതയും സുതാര്യതയും ഇല്ലാതായെന്നും സുപ്രീംകോടതി

MediaOne Logo

Web Desk

  • Published:

    3 April 2025 7:39 AM

മമത സർക്കാരിന് തിരിച്ചടി; 25000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപകനിയമന വിവാദത്തിൽ മമത സർക്കാരിന് തിരിച്ചടി. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ കീഴിലുള്ള 25,000-ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ തീർത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങൾ നടന്നതെന്നും, വിശ്വാസ്യതയും സുതാര്യതയും ഇല്ലാതായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിയിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഞ്ചനയിലൂടെയാണ് നിയമനം നടത്തിയത്. നിയമന പ്രക്രിയ ഗുരുതരമായ ക്രമക്കേടുകളാൽ മലിനമായെന്നും, ഇത് നിയമനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമന പ്രക്രിയ പൂർത്തിയാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിവാദമായ നിയമന പ്രക്രിയയിൽ നിയമിക്കപ്പെട്ട എല്ലാവരെയും പിരിച്ചുവിടാൻ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, ഇതുവരെ ലഭിച്ച ശമ്പളമോ ആനുകൂല്യങ്ങളോ തിരികെ നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഭിന്നശേഷിക്കാർക്ക് കോടതി ഇളവ് നൽകിയതിനാൽ അവർക്ക് നിലവിലുള്ള തസ്തികയിൽ തുടരാം.

2024 ഏപ്രിലിലാണ് പശ്ചിമ ബംഗാളിലെ വിവിധ സ്കൂളുകളിലായി 25,000-ത്തിലധികം സ്റ്റാഫ് അംഗങ്ങളുടെ നിയമനങ്ങൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയത്. പശ്ചിമ ബംഗാളിലെ സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ൽ നടന്ന നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

TAGS :

Next Story