Quantcast

വിധവക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്‌ന ഹൈക്കോടതിയുടെ പരാമർശത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

1985ലെ ഒരു കൊലപാതകക്കേസിൽ പട്‌ന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Sep 2024 7:15 AM GMT

Supreme Court Pauses Bulldozer Demolitions Across India Until October 1
X

ന്യൂഡൽഹി: വിധവക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്‌ന ഹൈക്കോടതിയുടെ പരാമർശം അപലപനീയമെന്ന് സുപ്രിംകോടതി. ഒരു കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതക്കും വകതിരിവിനും വിരുദ്ധമാണ് ഇത്തരം പരാമർശമെന്നും സുപ്രിംകോടതി പറഞ്ഞു.

1985ലെ ഒരു കൊലപാതകക്കേസിൽ പട്‌ന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. വീട് കൈവശപ്പെടുത്താനായി സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന സ്ത്രീയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. സ്ത്രീ ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വീട് പരിശോധിച്ച ഉദ്യോഗസ്ഥർ ഇവിടെ സ്ത്രീകളുടെ മേക്കപ്പ് ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ഈ വീട്ടിൽ സ്ത്രീ താമസിച്ചതിന്റെ തെളിവായി സമർപ്പിക്കുകയും ചെയ്തു.

ഈ വീടിന്റെ ഒരു ഭാഗത്ത് വിധവയായ മറ്റൊരു സ്ത്രീ താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം, രണ്ടാമത്തെ സ്ത്രീ വിധവയായതിനാൽ അവർക്ക് അണിഞ്ഞൊരുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അതിനാൽ മേക്കപ്പ് വസ്തുക്കൾ കൊല്ലപ്പെട്ട സ്ത്രീയുടേതായിരിക്കണമെന്നുമുള്ള നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്. ഈ നിരീക്ഷണമാണ് സുപ്രിംകോടതിയുടെ വിമർശനത്തിനിടയാക്കിയത്.

ഹൈക്കോടതിയുടെ നിരീക്ഷണം നിയമപരമായി നിലനിൽക്കില്ലെന്ന് മാത്രമല്ല, അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നീതിന്യായ കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതക്കും വകതിരിവിനും വിരുദ്ധമാണ് ഇത്തരം പരാമർശമെന്നും കോടതി പറഞ്ഞു. പ്രതികളെ കൊലപാതകവുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ഏഴ് പ്രതികളെയും കുറ്റിവിമുക്തരാക്കുകയും ചെയ്തു.

TAGS :

Next Story