ഇരട്ടി ശക്തിയോടെ രാഹുല്‍; കോടതിവിധി 'ഇൻഡ്യ'യ്ക്ക് കൂടുതല്‍ കരുത്താകും
അയോഗ്യത കൽപിക്കപ്പെട്ടതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ കഴിയാത്തൊരു സാഹചര്യം ആശങ്കയായി രാഹുലിനും കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെല്ലാം മുൻപിലുണ്ടായിരുന്നു
രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒരുപോലെ ആശ്വാസകരമായ വിധിയാണ് ഇപ്പോൾ സുപ്രിംകോടതിയിൽനിന്നു വന്നിരിക്കുന്നത്. എന്നാൽ, ഒരു പാർട്ടിയും വ്യക്തിയുമെന്നതിനപ്പുറം ഏതാനും മാസങ്ങൾ വിളിപ്പാടകലെ നിൽക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനു കൂടുതൽ ഊർജം പകരുന്നതായിരിക്കും രാഹുലിന്റെ ഈ തിരിച്ചുവരവ് എന്നുറപ്പാണ്.
ഒരു സമുദായത്തെ ആക്ഷേപിച്ചെന്ന പഴിയും ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിക്കപ്പെട്ടെന്ന മോശം പ്രതിച്ഛായയുമായി രാഹുൽ കോൺഗ്രസിനും പ്രതിപക്ഷത്തിനും ഒരു ബാധ്യതയാകുമെന്നായിരുന്നു ബി.ജെ.പി നേതാക്കളെല്ലാം ഉറക്കെപറഞ്ഞിരുന്നത്. കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് ലോക്‌സഭയിൽനിന്ന് അയോഗ്യത കൽപിക്കപ്പെട്ടതോടെ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനു മത്സരിക്കാനാകില്ലെന്ന സന്തോഷവും എൻ.ഡി.എ, ബി.ജെ.പി ക്യാംപിനുണ്ടായിരുന്നു. ഇതിനെ പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമാക്കാമെന്ന ചിന്തയും അവർക്കുണ്ടായിരുന്നു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ജൂൺ 23ന് പട്‌നയിൽ പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ചിരുത്താനായിരുന്നു. അതിനുശേഷം ജുലൈ 18ന് ബംഗളൂരുവിൽ കൂടുതൽ വിശാലമായൊരു പ്രതിപക്ഷ നേതൃസംഗമവും നടന്നു. യോഗത്തിൽ വിശാല പ്രതിപക്ഷ സഖ്യത്തിനും പേരുംകുറിച്ചെങ്കിലും രാഹുൽ ഗാന്ധി എന്ന ഒരു പൊതുസമ്മതനായ മുഖമില്ലാതെ എങ്ങനെ തെരഞ്ഞെടുപ്പിലേക്കു പോകുമെന്ന ആശങ്ക രഹസ്യമായെങ്കിലും പ്രതിപക്ഷ ക്യാംപിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഹുൽ ഗാന്ധി, രാജ്യമെങ്ങും ഓടിനടന്നു കൂടുതൽ അപകടകാരിയാകുമെന്നായിരുന്നു ഇതിനു പ്രതികരണമായി പ്രതിപക്ഷനിരയിൽനിന്ന് ഉയർന്നൊരു ആഖ്യാനം.
ഇതോടൊപ്പം വയനാട് ഒരു ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങുമോ എന്ന തരത്തിലും ചർച്ചയുണ്ടായി. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിനിൽക്കെ ഒരുപക്ഷെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അത്തരമൊരു നീക്കത്തിനു മുതിർന്നേക്കുമെന്നായിരുന്നു റിപ്പോർട്ട്. അങ്ങനെ വന്നാൽ വയനാട്ട് പ്രതിപക്ഷം ഒന്നിച്ച് ഒരു സ്ഥാനാർത്ഥിയെ നിർത്തി വൻ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയത്തിനു തിരിച്ചടി നൽകണമെന്നും ഒരു ഭാഗത്തുനിന്നു വാദമുയർന്നു.
എന്നാൽ, എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് ഇപ്പോൾ സുപ്രിംകോടതി രാഹുൽ ഗാന്ധിക്ക് ആശ്വാസവിധി സമ്മാനിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കു പരമാവധി ശിക്ഷ നൽകിയതെന്ന് വിചാരണാകോടതി വ്യക്തമാക്കിയിട്ടില്ലെന്നു പറഞ്ഞാണു വിധി സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇന്ന് ഇരു ഭാഗത്തിൻറെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Summary: The Supreme Court stay on the Lok Sabha disqualification of Rahul Gandhi will energize both the Congress and the opposition alliance I.N.D.I.A.
Adjust Story Font
16