'ഔദാര്യമല്ല, ജീവനാംശം സ്ത്രീകളുടെ അവകാശം, ഭർത്താവിനെതിരെ ക്രിമിനൽ കേസ് കൊടുക്കാം'- സുപ്രധാന വിധിയുമായി സുപ്രിംകോടതി
ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നവരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
ഡൽഹി: വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ജീവനാംശം നിയമപരമായി തന്നെ ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി. സെക്ഷൻ 125 സിആർപിസി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാർ തന്റെ ഭാര്യക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് യുവാവ് നൽകിയ ഹരജി തള്ളുകയും ചെയ്തു. എല്ലാ മതത്തിലുള്ള സ്ത്രീകൾക്കും ജീവനാംശം ആവശ്യപ്പെടുന്നതിനുള്ള നിയമം സാധുതയുള്ളതായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ നടപടി.
ഒരു വീട്ടമ്മയുടെ അവകാശങ്ങൾ കോടതി അടിവരയിട്ട് പരാമർശിച്ചു. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നതവരാണ് വീട്ടമ്മമാരെന്ന് കോടതി പ്രസ്താവിച്ചു. 'ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടത് ഒരു പുരുഷന് അത്യാവശ്യമാണ്. തന്റെ സാമ്പത്തിക ശേഷി അനുസരിച്ച് സ്വതന്ത്രമായ വരുമാന മാർഗ്ഗമില്ലാത്ത ഭാര്യക്ക് അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്രോതസുകൾ ലഭ്യമാക്കേണ്ടതാണ്. അതായത് പുരുഷന്റെ സാമ്പത്തിക സ്രോതസ്സുകളിൽ അവന്റെ ഭാര്യക്കും അവകാശമുണ്ടായിരിക്കും'- കോടതി പറഞ്ഞു.
ഇത്തരം സാമ്പത്തിക ശാക്തീകരണം വീട്ടമ്മയെ കുടുംബത്തിൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ജോയിൻ്റ് ബാങ്ക് അക്കൗണ്ടോ എടിഎം കാർഡ് വഴിയോ, ഗാർഹിക ചെലവുകൾക്ക് പുറമെ അവരുടെ വ്യക്തിഗത ചെലവുകൾക്കായി ഭാര്യക്ക് സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.
വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് മുഹമ്മദ് അബ്ദുൾ സമദ് എന്ന യുവാവ് സുപ്രിംകോടതിയെ സമീപിച്ചത്. വിവാഹമോചിതയായ ഒരു മുസ്‌ലിം സ്ത്രീക്ക് സിആർപിസി 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്നും 1986-ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥകളും ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു.
എന്നാൽ, വാദത്തിനിടെ, സിആർപിസിയുടെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് കോടതി നിരീക്ഷിച്ചു. മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും വിഷയം ഒരു പോലെ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1985-ലെ സുപ്രധാനമായ ഷാ ബാനോ കേസ് വിധി പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ഷാ ബാനോ മെയിൻ്റനൻസ് കേസ് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലെ നിയമപരമായ നാഴികക്കല്ലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
സുപ്രധാനമായ ഷാ ബാനോ വിധിക്ക് മുസ്‌ലിം വ്യക്തിനിയമത്തേക്കാൾ പ്രാധാന്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനാംശം എന്നത് ഔദാര്യമല്ല മൗലികാവകാശങ്ങളിൽ പെട്ടതാണെന്നും കോടതി വ്യക്തമാക്കി. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ഒരു കാലയളവിനപ്പുറം ജീവനാംശം ആവശ്യപ്പെടുന്നതിൽ നിന്ന് മേൽപറഞ്ഞ നിയമം തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യ പുനർവിവാഹം ചെയ്‌തിട്ടില്ലെങ്കിലോ സ്വയം പരിപാലിക്കാൻ കഴിവില്ലാത്ത അവസ്ഥയിലാണെങ്കിലോ അവളുടെ ജീവിതകാലം മുഴുവൻ ന്യായമായ വ്യവസ്ഥകൾ പാലിച്ച് പിന്തുണ നൽകണമെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ജീവനാംശം ലഭിച്ചില്ലെങ്കിൽ സ്ത്രീക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാവുന്നതാണെന്നും കോടതി നിർദേശിച്ചു.
Adjust Story Font
16