'സ്‌ട്രോങ് റൂമിലെ സി.സി.ടി.വി, 45 മിനുറ്റ് ഓഫ്': സുപ്രിയയുടെ സംശയാസ്പദ കുറിപ്പിന് വിശദീകരണവമായി റിട്ടേണിങ് ഓഫീസര്‍
സി.സി.ടി.വിയുടെ മോണിറ്ററിങ് ഡിസ്‌പ്ലെ താത്കാലികമായി നിന്നു എന്നാണ് റിട്ടേണിങ് ഓഫീസർ കവിത ദ്വിവേതി വിശദീകരിക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതി ലോക്‌സഭാ മണ്ഡലത്തിലെ ഇ.വിഎം(ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ) സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സി.സി.ടി.വി സ്വിച്ച് ഓഫായെന്ന സ്ഥാനാർഥി സുപ്രിയ സുലെയുടെ ആരോപണത്തില്‍ വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍.
സി.സി.ടി.വിയുടെ മോണിറ്ററിങ് ഡിസ്‌പ്ലെ താത്കാലികമായി നിന്നു എന്നാണ് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ കവിത ദ്വിവേതി വിശദീകരിക്കുന്നത്. എന്നാൽ താത്കാലിമായി നിന്നതിന് എന്താണ് കാരണം എന്ന് അവർ വ്യക്തമാക്കുന്നില്ല.
''ബരാമതി ലോക്‌സഭാ മണ്ഡലത്തിൽ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സി.സി.ടി.വി സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണ്. എല്ലാ ഡാറ്റയും സുരക്ഷിതമാണ്, ഡിസ്പ്ലേ കുറച്ച് സമയത്തേക്ക് നിന്നിരുന്നു''- ഇങ്ങനെയായിരുന്നു കവിതയുടെ വിശദീകരണമായി പൂനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എക്സില്‍ പങ്കുവെച്ചത്.
45 മിനുറ്റ് സ്‌ട്രോങ് റൂമിലെ സി.സി.ടി.വി, ഓഫ് ആയെന്നാണ് സുപ്രിയ ആരോപിച്ചിരുന്നത്. ബരാമതിയിലെ സിറ്റിങ് എം.പിയും ശരത്പവാർ നാഷണലിസ്റ്റ് പാർട്ടി നേതാവും കൂടിയാണ് സുപ്രിയ. ആശങ്കയുണർത്തുന്നതാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ആശങ്ക പങ്കുവെക്കുന്നതിനിടെയാണ് സുപ്രിയ സുലെയുടെ ഈ ആരോപണവും വന്നിരുന്നത്. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സുപ്രിയ സുലെയുടെ സമൂഹമാധ്യമ കുറിപ്പിന് പിന്നാലെയാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം വരുന്നത്. "ഇ.വി.എം പോലുള്ള വളരെ പ്രധാനപ്പെട്ട സംവിധാനം സൂക്ഷിച്ചിരിക്കുന്നിടത്തെ സി.സി.ടി.വി, സ്വിച്ച് ഓഫ് ആയത് സംശയാസ്പദമാണെന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്. വിഷയം അധികൃതരെ അറിയിച്ചപ്പോള്‍ തൃപ്തികരമായ മറുപടികളൊന്നും ലഭിച്ചില്ല. സാങ്കേതിക വിദഗ്‌ദ്ധരെയും ലഭ്യമായില്ലെന്നും വളരെ ഗുരുതരമായ സംഭവമാണിതെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു.
സിസിടിവി ഓഫായതിന്റെ കാരണം അറിയിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ബരാമതി. പവാർ കുടുംബ പോരാണ് ബരാമതിയിൽ നടക്കുന്നത്. ശരത് പവാറിന്റെ മകൾ കൂടിയായ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ് ഇവിടെ മത്സരം.
മൂന്നാം ഘട്ടമായ മെയ് 7നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ബരാമതി മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ പൂജ നടന്നതും വിവാദമായിരുന്നു. എൻ.സി.പി അജിത് പവാർ പക്ഷം വനിത നേതാവും സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സനുമായ രൂപാലി ശകൻകറാണ് പോളിങ് സ്റ്റേഷനിൽ പൂജ നടത്തിയിരുന്നത്. രൂപാലിയും കൂടെയുണ്ടായിരുന്ന മറ്റു ആറ് പേരും പോളിങ് സ്റ്റേഷനിൽ കയറി ആരതി ഉഴിയുന്നതിന്റെയും മറ്റും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയത്തിൽ പുണൈ സിറ്റി പൊലീസ് കേസെടുത്തിരുന്നു.
Adjust Story Font
16