Quantcast

'ഞങ്ങളെ അപമാനിച്ചോളൂ, അച്ഛനോടു വേണ്ട'; അജിത് പവാറിനു തിരിച്ചടിയുമായി സുപ്രിയ സുലെ

'ഞങ്ങളുടെ പോരാട്ടം ബി.ജെ.പിയോടാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ് ബി.ജെ.പി'

MediaOne Logo

Web Desk

  • Updated:

    2023-07-05 10:55:24.0

Published:

5 July 2023 10:46 AM GMT

Supriya Sule against Ajit Pawar, Supriya Sule hits back at cousin Ajit Pawar, Supriya Sule hits back at Ajit Pawar, Supriya Sule, Ajit Pawar, NCP split
X

സുപ്രിയ സുലെയും അജിത് പവാറും

മുംബൈ: എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെതിരായ അജിത് പവാറിന്റെ പരാമർശത്തിൽ ആഞ്ഞടിച്ച് സുപ്രിയ സുലെ. തങ്ങളെ അപമാനിച്ചോളൂ, അച്ഛനെ അപമാനിക്കാൻ നിൽക്കരുതെന്ന് സുലെ പറഞ്ഞു. ഈ പോരാട്ടം ബി.ജെ.പിക്കെതിരാണെന്നും അവർ വ്യക്തമാക്കി.

ശരദ് പവാർ രാഷ്ട്രീയത്തിൽനിന്ന് പടിയിറങ്ങാൻ സമയമായിട്ടുണ്ടെന്നായിരുന്നു ഇന്ന് അജിത് പവാർ പറഞ്ഞത്. 83 വയസായിട്ടുണ്ട്. രാഷ്ട്രീയം വിടാനുള്ള സമയമായിട്ടുണ്ട്. അധികാരം തനിക്കു കൈമാറണമെന്നും അജിത് പവാർ ആവശ്യപ്പെട്ടു.

'താങ്കൾക്ക് 83 വയസായി. സാധാരണ 60 വയസിൽ തന്നെ മാറിനിന്ന് യുവാക്കളെ അനുഗ്രഹിക്കുകയാണ് ആളുകൾ ചെയ്യാറുള്ളത്. താങ്കൾക്ക് അതു പറ്റില്ലേ?'-ഇന്ന് മുംബൈയിൽ വിളിച്ചുചേർത്ത വിമത എം.എൽ.എമാരുടെ യോഗത്തിൽ ശരദ് പവാറിനെ അഭിസംബോധന ചെയ്ത് അജിത് പവാർ പറഞ്ഞു.

'എന്നെ ആളുകൾക്കു മുന്നിൽ വില്ലനായി അവതരിപ്പിച്ചെങ്കിലും എനിക്ക് അദ്ദേഹത്തോട് ആദരമേയുള്ളൂ. ഐ.എ.എസ് ഉദ്യോഗസ്ഥർ 60-ാം വയസിലാണ് വിരമിക്കുന്നത്. രാഷ്ട്രീയത്തിൽ ബി.ജെ.പി നേതാക്കൾ 75-ാം വയസിലാണ് വിരമിക്കുന്നത്. എൽ.കെ അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും ഉദാഹരണം കാണാം. അത് പുതുതലമുറയ്ക്ക് വളർന്നുവരാനുള്ള അവസരമാണ് നൽകുക.'-അജിത് പവാർ പറഞ്ഞു.

എന്നാൽ, അമിതാഭ് ബച്ചന്റെയും രത്തൻ ടാറ്റയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രിയ സുലെ തിരിച്ചടിച്ചത്. 'ബച്ചന് 82 വയസായി. അദ്ദേഹം ഇപ്പോഴും അഭിനയിക്കുന്നു. ഞങ്ങളെ അപമാനിച്ചാലും അച്ഛനെ അങ്ങനെ ചെയ്യരുത്. ഈ പോരാട്ടം ബി.ജെ.പിക്കെതിരാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ് ബി.ജെ.പി'-സുപ്രിയ കുറ്റപ്പെടുത്തി.

അതേസമയം, ഇന്ന് അജിത് പവാർ വിളിച്ചുചേർത്ത യോഗത്തിൽ 30 എൻ.സി.പി എം.എൽ.എമാർ പങ്കെടുത്തിട്ടുണ്ട്. അയോഗ്യതയിൽനിന്ന് രക്ഷപ്പെടാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലെങ്കിലും അജിത് പവാറിന്റെ ശക്തിപ്രകടനം തന്നെയായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. അയോഗ്യതാ നടപടികളിൽനിന്ന് ഒഴിവാകണമെങ്കിൽ 36 എം.എൽ.എമാരുടെ പിന്തുണ പവാറിനു വേണ്ടിവരും. എന്നാൽ, യോഗത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടിട്ടുണ്ട്.

Summary: ‘Disrespect us, but not our father’: Supriya Sule hits back at cousin Ajit Pawar for Sharad Pawar jibe

TAGS :

Next Story