ഇന്ന് നിർണായകം; രാഹുൽ ഗാന്ധിക്ക് എതിരായ വിധിയിൽ സൂറത്ത് സെഷൻസ് കോടതി വിധി ഇന്ന്
ഇന്ന് സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ഒപ്പം വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീലിൽ തീരുമാനം ഇന്ന്. സൂറത്ത് സെഷൻസ് കോടതിയാണ് ഹരജിയിൽ വിധി പറയുക. സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും.
രാഹുൽ ഗാന്ധിക്ക് നിർണായകമാണ് സൂറത്ത് സെഷൻസ് കോടതി വിധി. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നാണ് രാഹുലിന്റെ ആവശ്യം. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 13 ന് കോടതി വിശദമായി വാദം കേട്ടു. അഞ്ച് മണിക്കൂർ നീണ്ട വാദത്തിൽ മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നും പരാതിക്കാരനും ബി.ജെ.പി എം.എൽ.എയുമായ പൂർണേശ് മോദിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയിൽ എങ്ങനെ വരുമെന്നും അനീതി നേരിട്ടു എന്നും രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ പൂർണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിൻ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്. ഇന്ന് സ്റ്റേ അനുവദിച്ചില്ല എങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ഒപ്പം വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും. വിധി തിരിച്ചടി ആയാൽ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുകയാണ് അടുത്ത നടപടി.
മാർച്ച് 23 നാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി മോഷ്ടാക്കൾക്ക് എല്ലാം മോദി എന്ന് പേരുള്ളത് എന്തുകൊണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രണ്ട് വർഷത്തെ തടവു ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശവും കോടതി നൽകിയിരുന്നു.
Adjust Story Font
16