മഹാരാഷ്ട്രയിലെ സസ്പെൻസിന് വിരാമമാകുന്നു; മുഖ്യമന്ത്രി പ്രഖ്യാപനം ഡിസംബർ നാലിന്
സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് നടക്കും
മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധിക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഡിസംബർ നാലിനെന്ന് റിപ്പോർട്ട്. നിയമസഭാ കക്ഷി യോഗത്തിൻ്റെ കേന്ദ്ര നിരീക്ഷകരായി ധനമന്ത്രി നിർമല സീതാരാമനെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി പദവിയിലേക്കുള്ള മുൻനിരക്കാരൻ. ബിജെപി നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനും താൻ ഇതിനകം നിരുപാധിക പിന്തുണ നൽകിയിട്ടുണ്ടെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് സത്താറയിലെ സ്വന്തം ഗ്രാമത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ അദ്ദേഹം അറിയിച്ചു. 'പാർട്ടി നേതൃത്വത്തിന് ഞാൻ നിരുപാധിക പിന്തുണ നൽകിക്കഴിഞ്ഞു, അവരുടെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കും'. മഹായുതി നേതാക്കൾ തമ്മിലുള്ള ഐക്യം ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ആവര്‍ത്തിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റുകളിൽ 230ലും മഹായുതി വിജയിച്ചിരുന്നു. ബിജെപി 132 സീറ്റിൽ വിജയിച്ചപ്പോൾ ഏകനാഥ് ഷിൻഡെയുടെ ശിവസേന 57 സീറ്റും എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റും നേടി. മഹായുതി സഖ്യകക്ഷികൾ, തങ്ങളുടെ നിയമസഭാ കക്ഷി നേതാക്കളായി ശിവസേനയ്ക്ക് വേണ്ടി ഏകനാഥ് ഷിൻഡെയെയും എൻസിപിക്ക് വേണ്ടി അജിത് പവാറിനെയും നിർദ്ദേശിച്ചിരുന്നു. എന്നാൽ സഖ്യത്തിലെ ഏറ്റവും വലിയ ഘടകമായ ബിജെപി, ഇതുവരെ നിയമസഭാ കക്ഷി നേതാവിൻ്റെ പേര് നൽകിയിട്ടില്ല. മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് എൻസിപി അധ്യക്ഷൻ അജിത് പവാർ പറഞ്ഞിരുന്നു.
മഹായുതി സഖ്യത്തിലെ സഖ്യകക്ഷികളായ ശിവസേനയ്ക്കും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്നാണ് സൂചന. പുതിയ സംസ്ഥാന സർക്കാരിൽ തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഏകനാഥ് ഷിൻഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിൻഡെ തള്ളി.
ഡിസംബർ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
Adjust Story Font
16