പരീക്ഷക്കിടെ ഹിജാബ് ഊരിവെപ്പിച്ചു; സൂപ്പർവൈസർക്ക് സസ്‌പെൻഷൻ
മുസ്‌ലിം വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് സംഭവത്തിലെ കുറ്റക്കാരനെതിരെ നടപടിയുണ്ടായത്
അഹമ്മദാബാദ്:പരീക്ഷക്കിടെ വിദ്യാർഥിനികളുടെ ഹിജാബ് ഊരിവെപ്പിച്ച സൂപ്പർവൈസർക്ക് സസ്‌പെൻഷൻ. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിൽ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഗുജറാത്ത് സെക്കൻഡറി, ഹയർ സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന്റെ (ജിഎസ്എച്ച്എസ്ഇബി) പരീക്ഷാ കേന്ദ്രമായിരുന്ന സ്‌കൂളിന്റെ പ്രിൻസിപ്പൽ കൂടിയായ ഇലബെൻ സുരതിയയാണ് പുറത്താക്കപ്പെട്ടത്. സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (എസ്എസ്‌സി)ബോർഡ് കണക്ക് പരീക്ഷക്കിടെ ലയൺസ് സ്‌കൂളിലാണ് ഹിജാബ് നിർബന്ധിച്ച് ഊരിവെപ്പിച്ചത്. മാർച്ച് 13നാണ് സംഭവം നടന്നതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 20 വിദ്യാർഥിനികളുടെ ഹിജാബ് ഊരിവെപ്പിച്ചതായും അവരെ മാനസികമായി പീഡിപ്പിച്ചതായുമാണ് ഹേറ്റ് ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തത്.
മുസ്‌ലിം വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് സംഭവത്തിലെ കുറ്റക്കാരനെതിരെ നടപടിയുണ്ടായത്. സംഭവത്തിൽ ബറൂച്ച് ജില്ല എഡ്യുക്കേഷൻ ഓഫീസർക്ക് രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തിരുന്നു. പരീക്ഷയുടെ രണ്ടാം ദിനത്തിലാണ് പരാതി ലഭിച്ചതെന്നും ആദ്യ ദിനത്തിൽ പരാതിയുണ്ടായിരുന്നില്ലെന്നുമാണ് ബറൂച്ച് ജില്ല എഡ്യുക്കേഷൻ ഓഫീസർ സ്വാതി റൗൾജി പറഞ്ഞത്.
'ബുധനാഴ്ച ലയൺസ് സ്‌കൂളിൽ ബോർഡ് പരീക്ഷ എഴുതുമ്പോൾ ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതായി ആരോപിച്ച് ഒരു വിദ്യാർഥിനിയുടെ രക്ഷിതാവിൽ നിന്ന് എനിക്ക് പരാതി ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി, അതിനാൽ, ഞാൻ സ്‌കൂളിലെ ബോർഡ് എക്‌സാം സൂപ്പർവൈസറെ പിൻവലിക്കുകയും കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു'റൗൾജി പറഞ്ഞു.
അതേസമയം, വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പ്രകാരം ഐഡന്റിറ്റി പരിശോധിക്കാൻ തട്ടം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായാണ് സ്‌കൂൾ അധികൃതർ പ്രാഥമിക വിശദീകരണം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം വസ്ത്രങ്ങൾ നിരോധിക്കുന്ന നിയമങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മറുപടി ഇല്ലെന്നായിരുന്നു.
'വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തിൽ എന്തെങ്കിലും വിലക്കി വ്യക്തമായ പരാമർശമില്ല, അതിനാൽ, തിരിച്ചറിയൽ നടത്തിക്കഴിഞ്ഞാൽ, വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് പരീക്ഷയ്ക്ക് ഹാജരാകാൻ അനുവാദമുണ്ട്. അതിനാൽ, ഞങ്ങൾക്ക് ലഭിച്ച പരാതി ഞങ്ങൾ പരിഗണിക്കുകയായിരുന്നു' റൗൾജി പറഞ്ഞു.
അതേസമയം, വിദ്യാർഥികളുടെ മുഖം വീഡിയോയിൽ വ്യക്തമാകാനാണ് തട്ടം മാറ്റാൻ പറഞ്ഞതെന്ന് സുരാതിയ പറഞ്ഞു. 80 ശതമാനം മുഖം കാണുന്ന വീഡിയോ ബോർഡിന് അയക്കണമെന്നും അവകാശപ്പെട്ടു. എന്നാൽ പരീക്ഷാസമയത്ത് വിദ്യാർഥികളുടെ മുഖം വീഡിയോയിൽ കാണണമെന്ന് നിയമമില്ലെന്ന് ജിഎസ്എച്ച്എസ്ഇബി ഡപ്യൂട്ടി ഡയറക്ടർ എംകെ രാവൽ വ്യക്തമാക്കി.
Adjust Story Font
16