Quantcast

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ല: സ്വാമി അവിമുക്തേശ്വരാനന്ദ

രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേ

MediaOne Logo

Web Desk

  • Published:

    8 July 2024 8:23 AM GMT

Swami Avimukteshwarananda
X

ഡെറാഡൂണ്‍: ലോക്സഭയിലെ ഹിന്ദു പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുലിന്‍റെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്‍റെ വിമര്‍ശനം.

"രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു, ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്'' വിവാദത്തോട് പ്രതികരിച്ച സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശരിയല്ലെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഹിന്ദു മതം അക്രമരാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുലിന്‍റെ പ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്കാണ് നയിച്ചത്. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തുകയായിരുന്നു.

TAGS :

Next Story