ബിജെപി വിട്ട രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും എസ്പിയിൽ ചേർന്നു
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ എസ്പി അംഗത്വം സ്വീകരിച്ചത്
ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടി(എസ്പി)യിൽ ചേർന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ എസ്പി അംഗത്വം സ്വീകരിച്ചത്. ഇവർക്കൊപ്പം ബിജെപിയിൽനിന്ന് രാജിവച്ച എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരും എസ്പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബിജെപി വിട്ട മറ്റ് നിയമസഭാ സാമാജികരും ഉടൻ എസ്പിയിൽ ചേരുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യുപി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും. തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്‌വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും ഇന്നലെ രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. ബിജെപി കൂടുവിടുന്നവരിൽ പലരും സമാജ്‌വാദി പാർട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്ക വിഭാഗം വോട്ടുകൾ എസ്പിയിൽ ഏകീകരിച്ചാൽ തുടർവിജയം ബിജെപിക്ക് ബുദ്ധിമുട്ടാകും.
Summary: Swami Prasad Maurya, Dharam Singh Saini, 6 other MLAs, Who quit BJP join SP
Adjust Story Font
16