187 രൂപയുടെ ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
സ്വിഗ്ഗി വഴി 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ആണ് ഉപഭോക്താവ് ഓർഡർ ചെയ്തത്
ബെംഗളൂരു: ഓർഡർ ചെയ്ത ഐസ്‌ക്രീം ഡെലിവറി ചെയ്യാത്തതിന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്വിഗ്ഗി വഴി 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ആണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. 187 രൂപയാണ് ഇതിനായി ഈടാക്കിയത്. എന്നാൽ ഐസ്‌ക്രീം ഡെലിവറി ചെയ്തില്ലെന്ന് മാത്രമല്ല,സ്വിഗ്ഗിയുടെ ആപ്പിൽ ഡെലിവറി ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സ്വിഗ്ഗിക്ക് പരാതി നൽകിയെങ്കിലും റീഫണ്ട് നൽകിയില്ല. തുടർന്നാണ് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉപഭോക്താവിനും ഹോട്ടലിനും ഇടയിലുള്ള ഇടനിലക്കാരൻമാത്രമാണ് തെങ്ങളെന്നായിരുന്നു സ്വിഗ്ഗി കോടതിയിൽ വാദിച്ചത്. ഡെലിവറി ഏജന്റിന് പറ്റിയ തെറ്റിന് ഞങ്ങൾ ഉത്തരവാദികളല്ലെന്നും സ്വിഗ്ഗി വാദിച്ചു.
എന്നാൽ വിജയ്കുമാർ എം പവാലെ, വി അനുരാധ, രേണുകദേവ് ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. ഓർഡർ ചെയ്ത ഉൽപ്പന്നം നൽകിയില്ലെന്ന് മാത്രമല്ല, ഈടാക്കിയ തുക തിരികെ നൽകുന്നതിൽ സ്വിഗ്ഗി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വഗ്ഗിയുടെ ഈ നടപടി സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 3000 രൂപ നഷ്ടപരിഹാരമായും 2000 രൂപ വ്യവഹാര ചെലവുമായി നൽകാനും കോടതി സ്വിഗ്ഗിയോട് നിർദേശിച്ചു. ഐസ്‌ക്രീമിന്റെ വിലയായ 187 രൂപ റീഫണ്ട് നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം, 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഉപഭോക്താവിന്റെ ആവശ്യം. എന്നാൽ ഇത് അമിതമാണെന്ന് കോടതി പറഞ്ഞു.
Adjust Story Font
16