അജ്മീർ ദർഗ ഹിന്ദുക്ഷേത്രമെന്ന അവകാശവാദത്തിന് പിന്നിൽ മതഭ്രാന്തെന്ന് സയിദ് നസീറുദ്ദീൻ ചിശ്തി
1911-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെ മാത്രം അടിസ്ഥാനമാക്കി മുഴുവൻ ചരിത്രവും മായ്‌ക്കാനാവില്ലെന്നും ചിശ്തി വ്യക്തമാക്കി
മുംബൈ: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർദർഗ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തിനെതിരെ ആൾ ഇന്ത്യ സൂഫി സജ്ജദൻഷിൻ കൗൺസിൽ ചെയർമാനും അജ്മീർ ദർഗയിലെ ആത്മീയ തലവന്റെ പിൻഗാമിയുമായ സയിദ് നസീറുദ്ദീൻ ചിശ്തി രംഗത്ത്. ദർഗ പണിതത് മഹാദേവന്റെ ക്ഷേത്രത്തിലാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയു രാജസ്ഥാൻ കോടതിയിൽ ഹരജി നൽകിയിരുന്നു.
ദർഗ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ യഥാർത്ഥ യഥാർത്ഥ ഉടമ‘ഭഗവാൻ സങ്കട്മോചന മഹാദേവ് വിരാജ്മാൻ’ ആണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഇതിനെതിരെയാണ് ചിശ്തി രംഗത്തെത്തിയത്. ഈ നടപടിക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യും. വിലകുറഞ്ഞ ജനപ്രീതിക്കായാണ് ആളുകൾ വിശുദ്ധ മതസ്ഥലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ഇത് നിർഭാഗ്യകരമാണ്. ചരിത്രത്തിലുടനീളം, മുഗൾ കാലഘട്ടം മുതൽ രജപുത്ര, മറാത്ത കാലഘട്ടം വരെ ദർഗയെ എല്ലാവരും ആദരവോടെയാണ് പരിഗണിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തിലെ പല മഹാന്മാരും ഈ ദർഗയെ സംബന്ധിച്ച് വളരെ ആദരവോടെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 1911-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെ മാത്രം അടിസ്ഥാനമാക്കി മുഴുവൻ ചരിത്രവും മായ്‌ക്കാനാവില്ല. അജ്മീർ ദർഗ മുസ്‍ലിംകൾക്കും എല്ലാ മതസ്ഥർക്കും വിശ്വാസത്തിന്റെ കേന്ദ്രമായി വർത്തിക്കുന്നു. സമാധാനത്തിന്റെ സന്ദേശം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നുവെന്ന് ചിഷ്തി പറഞ്ഞു.
ഹരജി നൽകിയതിന് പിന്നിൽ രാജ്യത്ത് വളർന്നുവരുന്ന മതഭ്രാന്തിന്റെ തെളിവാണെന്നും ചിശ്തി വിമർശിച്ചു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാദേവ ലിംഗത്തിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന ദർഗ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കേസ് ഫയൽ ചെയ്തത്. ആ സ്ഥലത്ത് ഭഗവാൻ ശ്രീ സങ്കടമോചന മഹാദേവ ക്ഷേത്രം പുനർനിർമ്മിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16