Quantcast

'അവാർഡുകൾ തിരികെ നൽകുന്ന തന്ത്രം അവസാനിപ്പിക്കണം'; വിവാദ പ്രസ്താവനയുമായി ഹരിയാന ബിജെപി മന്ത്രി

ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൺന്റെ വിശ്വസ്തന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ബജ്രം​ഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Dec 2023 8:18 AM GMT

Tactics Of Returning Awards Should Be Stopped Says Haryana Minister
X

ചണ്ഡീ​ഗഢ്: ​ഗുസ്തി ഫെഡറേഷനിൽ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷൺന്റെ വിശ്വസ്തന്റെ നിയമനത്തിൽ പ്രതിഷേധിച്ച് കായികതാരങ്ങൾ അവാർഡുകൾ തിരിച്ചുനൽകിയതിനെതിരെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. ​അവാർഡുകൾ തിരികെ നൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അനിൽ വിജ് പറഞ്ഞു.

​'അവാർഡുകൾ തിരിച്ചുനൽകുന്ന ഈ തന്ത്രങ്ങൾ അവസാനിപ്പിക്കണം. പല താരങ്ങളും അവാർഡുകൾ നേടിയിട്ടുണ്ട്. അവരുടെ അവാർഡുകൾ ഏത് സംഘടന നൽകിയാലും തിരിച്ചെടുക്കാൻ കഴിയില്ല. അവാർഡുകൾ നമ്മുടെ രാജ്യത്തോടുള്ള ആ​ദരം കൂടിയാണ്. അത് തിരിച്ചുനൽകുന്നതിനെക്കുറിച്ച് ചിന്തിക്കരുത്'- അനിൽ വിജ് പറഞ്ഞു.

​ഒളിമ്പിക് മെഡൽ ജേത്രിയായ സാക്ഷി മാലിക്ക് ​തന്റെ ​ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ, പുരുഷ താരം ബജ്രം​ഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയിരുന്നു. തനിക്കു ലഭിച്ച മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും തിരികെ നൽകുമെന്ന് മറ്റൊരു​ ​ഗുസ്തി താരമായ വിനേഷ് ഫോ​ഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന.

ഈ മാസം 21നായിരുന്നു ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് പ്രതിഷേധം അറിയിച്ച് ഗുസ്തി താരങ്ങള്‍ രം​ഗത്തെത്തിയത്. പ്രതിഷേധം കടുത്തതോടെ, 24ന് ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തു.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തുടർന്ന്, ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷനായ മൂന്ന് അംഗ കമ്മിറ്റിയാണ് രൂപികരിച്ചത്. പിന്നാലെ, ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനും കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. ഗുസ്തി ഫെഡ്‌റേഷൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ബിജെപി താക്കീത് നൽകി.

എം.പിയുടെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മുന്നറിയിപ്പ് നൽകി. പീഡനപരാതികൾക്കു പിന്നാലെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് ഇയാളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കായികമന്ത്രാലയം തൽക്കാലത്തേക്ക് മരവിപ്പിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. ഇതാണ് വിവാദമായത്.









TAGS :

Next Story