ആളു മാറിയെന്ന്; പിയൂഷ് ജെയിൻ റെയ്ഡിൽ വമ്പൻ ട്വിസ്റ്റ്
സമാജ് വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജെയിൻ എന്നായിരുന്നു റിപ്പോര്‍ട്ട്
ലഖ്‌നൗ: കാൺപൂരിലെ സുഗന്ധ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 257 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ജി.എസ്.ടി ഉദ്യോഗസ്ഥർ വിലാസം മാറിയാണ് ജെയിനിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻ ധനമന്ത്രി പി ചിദംബരം അടക്കമുള്ള ആളുകൾ ഇക്കാര്യം ട്വീറ്റ് ചെയ്തു.
കണ്ണൗജിലെ പി.ജെ എന്ന ചുരുക്കപ്പേരുള്ള ആളുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദേശമത്രെ. നഗരത്തിൽ ഇതേ പേരിൽ രണ്ട് പേരുണ്ട്. ഒന്ന്, പിയൂഷ് ജയിൻ. രണ്ട്, പുഷ്പരാജ് ജെയിൻ. രണ്ടു പേർക്കും ഒരേ ബിസിനസ്- സുഗന്ധ വ്യാപാരം.
റെയ്ഡ് നടന്ന വേളയിൽ സമാജ് വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജയിൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ പുറത്തിറക്കിയ സമാജ്‌വാദി അത്തർ നിർമിച്ചത് ഇയാളാണ് എന്നും ചിത്രസഹിതം വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തർ നിർമിച്ചത് പിയൂഷായിരുന്നില്ല. സമാജ് വാദി എം.എൽ.സിയായിരുന്ന പുഷ്പരാജ് ആയിരുന്നു.
Is the seizure of Rs 257 crore of cash and jewellery in UP a case of 'comedy of errors'?
— P. Chidambaram (@PChidambaram_IN) December 29, 2021
Instead of searching Pushparaj Jain, was the wrong person — Piyush Jain — searched?
കഴിഞ്ഞ ദിവസം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാക്‌പോരിലും ഏർപ്പെട്ടിരുന്നു. 'ബിജെപി സ്വന്തം ബിസിനസുകാരനെ തെറ്റിദ്ധരിച്ച് റെയ്ഡ് നടത്തി. പുഷ്പരാജ് ജെയിനിന് പകരം പിയൂഷ് ജെയിനിനെ' - എന്നാണ് അഖിലേഷ് പറഞ്ഞിരുന്നത്. ഇതേ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യുപി റാലിയില്‍ പരാമര്‍ശിച്ചത് ഇങ്ങനെ; 'കാൺപൂരിലെ ജനങ്ങൾക്ക് വ്യാപാരവും ബിസിനസും മനസ്സികാലും. 2017ന് മുമ്പ് അഴിമതിയുടെ ഗന്ധമാണ് യുപിയിൽ പടർന്നിരുന്നത്. സംസ്ഥാനത്തെ കൊള്ളയടിക്കാനുള്ള ലോട്ടറിയായിരുന്നു അവർക്ക് തെരഞ്ഞെടുപ്പ് വിജയം.' - എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനാണ് അഖിലേഷ് യാദവ് മറുപടി നൽകിയത്.
മധ്യേഷ്യയിൽ അടക്കം കമ്പനികളുള്ള ബിസിനസുകാരനാണ് പിയൂഷ് ജയിൻ. ഇയാൾക്ക് നാൽപ്പതിലേറെ വ്യാജ കമ്പനികളുണ്ട് എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ പറയുന്നത്. ഇദ്ദേഹത്തിന്റെ വീട്, സ്ഥാപനങ്ങൾ, കോൾഡ് സ്‌റ്റോറേജ്, പെട്രോൾ പമ്പ് തുടങ്ങിയവയിൽ നടത്തിയ റെയ്ഡിലാണ് ഇരുനൂറു കോടിയിലേറെ രൂപ കണ്ടെത്തിയത്. 23 കിലോ സ്വർണവും 250 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. പിയൂഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2016ൽ ഇറ്റാവ-ഫറൂഖാബാദിൽ നിന്നുള്ള സമാജ് വാദി പാർട്ടി എം.എൽ.സിയാണ് പുഷ്പരാജ് ജെയിൻ. പ്രഗതി അരോമ ഓയിൽ ഡിസ്റ്റല്ലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളിലൊരാളാണ്. 1950ൽ ഇദ്ദേഹത്തിന്റെ അച്ഛൻ സവൈലാൽ ജയിനാണ് കമ്പനി സ്ഥാപിച്ചത്. മധ്യേഷ്യയിലേത് അടക്കം 12 രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള വ്യാപാരി കൂടിയാണ് പുഷ്പരാജ്. കണ്ണൗജിൽ ഫാക്ടറിയുമുണ്ട്. 2016ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 48 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഈയിടെ സമാജ് വാദി അത്തർ ഉണ്ടാക്കിയത് പുഷ്പരാജ് ജയിൻ ആയിരുന്നു.
Adjust Story Font
16