Quantcast

കോഴിക്കോട് ഐ.ഐ.എം കോഴ്സില്‍ താലിബാന്‍ പ്രതിനിധികള്‍; സംഘടിപ്പിച്ചത് വിദേശകാര്യ മന്ത്രാലയം

മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് കോഴ്സിന്‍റെ സംഘാടകര്‍

MediaOne Logo

Web Desk

  • Updated:

    2023-03-14 15:22:38.0

Published:

14 March 2023 2:18 PM GMT

taliban representatives at the calicut iim course conducted by external affairs ministry
X

ഫയല്‍ ചിത്രം

ഡല്‍ഹി: കോഴിക്കോട് ഐ.ഐ.എമ്മിൽ നടത്തുന്ന നാലു ദിവസത്തെ കോഴ്സില്‍ അഫ്ഗാനിസ്താനിലെ താലിബാൻ സര്‍ക്കാരിന്‍റെ പ്രതിനിധികളും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വഴി ഓണ്‍ലൈന്‍ കോഴ്‌സ് സംഘടിപ്പിക്കുന്നത്. 'ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്'എന്ന വിഷയത്തിലാണ് കോഴ്സ്.

ഇന്ത്യൻ ടെക്നിക്കൽ ആന്‍റ് ഇകണോമിക് കോ-ഓപറേഷൻ പ്രോഗ്രാമിൽ പങ്കാളികളായ എല്ലാ രാജ്യങ്ങള്‍ക്കും കോഴ്സിലേക്ക് ക്ഷണമുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് കോഴ്സിന്‍റെ സംഘാടകര്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം, സാംസ്കാരിക പൈതൃകം, സാമൂഹ്യ ചരിത്ര പശ്ചാത്തലം തുടങ്ങിയവയാണ് കോഴ്സിന്‍റെ ഉള്ളടക്കം.

"ഇന്ത്യയുടെ പ്രത്യേകത നാനാത്വത്തിൽ ഏകത്വമാണ്. പുറത്തുനിന്നുള്ളവർക്ക് ഇത് സങ്കീർണമായ ഇടമായി തോന്നാം. ഈ പ്രോഗ്രാമിലൂടെ ഇന്ത്യയുടെ വ്യാവസായിക പശ്ചാത്തലത്തെ കുറിച്ച് വിദേശത്തെ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും"- സംഘാടകര്‍ പറഞ്ഞു.

"കോഴ്സില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തതില്‍ ഐ.ഐ.എമ്മിന് പങ്കില്ല. അവരുടെ രാഷ്ട്രീയത്തെ കുറിച്ചു അറിവില്ല. അഫ്ഗാനിസ്താന്‍, തായ്‍ലാന്‍റ്, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നായി 20 പേര്‍ പങ്കെടുക്കുന്നുണ്ട്. നിരവധി ദേശീയ, അന്തർദേശീയ പരിശീലന പരിപാടികൾ ഐ.ഐ.എം നടത്താറുണ്ട്. വിദേശ രാജ്യങ്ങളിലെ പൊതു/സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾക്കുള്ള പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ 'ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപറേഷൻ (ഐ.ടി.ഇ.സി) പരിപാടിയുടെ കീഴിലാണിത്"- എന്നാണ് കോഴിക്കോട് ഐ.ഐ.എമ്മിന്‍റെ വിശദീകരണം.

ഇന്ന് ആരംഭിച്ച ഓൺലൈൻ കോഴ്സ് മാർച്ച് 17ന് സമാപിക്കും. ഓൺലൈന്‍ ആയതിനാല്‍ അവരവരുടെ രാജ്യത്തിരുന്നാണ് എല്ലാവരും കോഴ്സില്‍ പങ്കെടുക്കുന്നത്. അഫ്ഗാനില്‍ താലിബാൻ അധികാരത്തിലെത്തി 10 മാസത്തിനു ശേഷം 2022 ജൂലൈയിൽ കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുകയുണ്ടായി.

Summary- The four day course conducted by external affairs ministry at calicut IIM has participants from the Taliban regime in Afghanistan

TAGS :

Next Story