തരൂർ പങ്കുവച്ച വീഡിയോ; താലിബാൻ സേന പറഞ്ഞത് മലയാളമല്ല, ബ്രാഹുയി
ദ്രാവിഡ ഭാഷാസമൂഹത്തില്‍പ്പെട്ട ഇന്ത്യയ്ക്ക് പുറത്തുള്ള ഏക ഭാഷയാണ് ബ്രാഹുയി
'ഇവിടെ രണ്ട് മലയാളികളെങ്കിലുമുണ്ടെന്ന് തോന്നുന്നു. സംസാരിക്കട്ടെ എന്നാണ് അവരിൽ ഒരാൾ പറയുന്നത്. ഏതാണ്ട് എട്ടു സെക്കൻഡുണ്ടിത്. മറ്റൊരാൾക്ക് അതു മനസ്സിലാകുകയും ചെയ്യുന്നു' - താലിബാൻ കാബൂളിലെത്തിയ വേളയിൽ, ട്വിറ്റര്‍ വീഡിയോ വഴി കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കുവച്ച ആശങ്കയാണിത്. ഇതോടെ താലിബാൻ സേനയിൽ മലയാളികളുണ്ടോ എന്നായി അന്വേഷണം.
മാധ്യമപ്രവർത്തകനായ റാമിസ് എന്നയാളാണ് ഈ വീഡിയോ പങ്കുവച്ചിരുന്നത്. ഇത് റിട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ ചോദ്യം. ഇതിന് മറുപടിയുമായി റമീസ് തന്നെ രംഗത്തെത്തി. താലിബാൻ ആയുധധാരികൾ സംസാരിക്കുന്നത് മലയാളമല്ലെന്നും ബ്രാഹുയി ഭാഷയാണ് അതെന്നും അദ്ദേഹം വിശദീകരിച്ചു. തെലുങ്ക്, മലയാളം, തമിഴ് എന്നിവയോട് ഏറെ സാമ്യമുള്ള ഭാഷയാണ് ബ്രാഹുയി.
തരൂരിന്റെ ആശങ്ക തള്ളി എഴുത്തുകാരൻ എൻഎസ് മാധവനും രംഗത്തെത്തി. വീഡിയോ നിരവധി തവണ കേട്ടെന്നും സംസാരിക്കട്ടെ, എന്നല്ല സംസം എന്നാണ് അവർ പറയുന്നതെന്നും മാധവൻ കുറിച്ചു. 'സംസം എന്നായിരിക്കാം അവർ പറഞ്ഞത്-അറബിയിൽ വിശുദ്ധ ജലത്തിന് പറയുന്ന വാക്കാണത്. അല്ലെങ്കിൽ തമിഴിൽ ഭാര്യ എന്നർത്ഥം വരുന്ന സംസാരമാകാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാട്ടുഭാഷയിൽ എന്തോ പറയുന്നതാണ്. എന്തിനാണ് മലയാളികളെ അതിലേക്ക് വലിച്ചിഴക്കുന്നത്- മാധവൻ ചോദിച്ചു.
ബ്രാഹുയി ഭാഷ
ദ്രാവിഡ ഭാഷാസമൂഹത്തില്‍പ്പെട്ട ഇന്ത്യയ്ക്ക് പുറത്തുള്ള ഏക ഭാഷയാണ് ബ്രാഹുയി. പാകിസ്താനിലെ ബലൂചിസ്താൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്കമെനിസ്ഥാൻ എന്നിവിടങ്ങളിലാണ് ഭാഷ പ്രചാരത്തിലുള്ളത്. അഫ്ഗാനോട് ചേർന്നുള്ള അതിർത്തി പ്രദേശമാണ് ബലൂചിസ്താൻ.
ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെട്ട ബ്രാഹുയി എങ്ങനെയാണ് പേർഷ്യൻ നാടുകളില്‍ എത്തിയത് എന്നതിനെ കുറിച്ച് ഭാഷാപണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മറ്റു ദ്രാവിഡ ഭാഷകൾ ദക്ഷിണഭാഗത്തേക്ക് കുടിയേറിയപ്പോൾ ബ്രാഹുയി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് പോയി എന്നാണ് ഭാഷാ പണ്ഡിതനായ ജോസഫ് എൽഫെൻബിൻ രേഖപ്പെടുത്തിയിട്ടുള്ളത്. 2009ലെ യുനസ്‌കോ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ നാമാവശേഷ ഭീഷണിയിലുള്ള ഭാഷയാണ് ബ്രാഹുയി.
മലയാളം,തമിഴ്,കന്നഡ ,തെലുങ്ക്, എന്നീ പുഷ്ടഭാഷകളും കുടക്,തുളു എന്നീ അർദ്ധപുഷ്ട ഭാഷകളും തോദ, രാജ്മഹലി, ബ്രാഹുയി മുതലായ അപുഷ്ടഭാഷകളും ഉൾപ്പെടുന്നതാണ് ദ്രാവിഡ ഭാഷാ ഗോത്രം.
Adjust Story Font
16